- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ എഫ്.സി ഗോവ ചെന്നൈയിൻ എഫ്.സി പോരാട്ടം സമനിലയിൽ; ആതിഥേയർ സമനില പിടിച്ചത് ഇൻജുറി ടൈമിൽ ഇഷാൻ പണ്ഡിത നേടിയ ഗോളിൽ; ഞായറാഴ്ച നോർത്ത് ഈസ്റ്റ് ഒഡീഷയേയും എടികെ മോഹൻ ബഗാൻ ജംഷേദ്പുരിനെയും നേരിടും
ബാംബോലിം: ഐ.എസ്.എല്ലിൽ ശനിയാഴ്ച നടന്ന എഫ്.സി ഗോവ - ചെന്നൈയിൻ എഫ്.സി പോരാട്ടം സമനിലയിൽ. ഇൻജുറി ടൈമിൽ ഇഷാൻ പണ്ഡിത നേടിയ ഗോളിലാണ് ഗോവ സമനില പിടിച്ചെടുത്തത്.
13-ാം മിനിറ്റിൽ യാക്കുബ് സിൽവസ്റ്ററിലൂടെ ചെന്നൈയിൻ മുന്നിലെത്തി. യാക്കുബ് സിൽവസ്റ്ററും റീഗൻ സിങ്ങും ചേർന്ന് വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. റീഗൻ നൽകിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറിയെ സിൽവസ്റ്ററെ തടയാൻ ഗോവ താരങ്ങൾ ശ്രമിച്ചെങ്കിലും ഞൊടിയിടയിൽ പന്ത് വലയിലെത്തിക്കുകയായിരുന്നു.
17-ാം മിനിറ്റിൽ ബോക്സിൽ ഇഗോൾ അംഗൂളോയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച എലി സാബിയയുടെ കൈയിൽ പന്ത് തട്ടിയതോടെ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അംഗൂളോ അനായാസം പന്ത് വലയിലെത്തിച്ചു.
ആദ്യ പകുതിയിൽ ലഭിച്ച രണ്ട് അവസരങ്ങൾ സിൽവസ്റ്റർ നഷ്ടപ്പെടുത്തി. 43-ാം മിനിറ്റിൽ സിൽവസ്റ്ററിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടടുത്ത മിനിറ്റിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേ ലഭിച്ച അവസരം സിൽവസ്റ്റർ പുറത്തേക്കടിച്ച് കളയുകയും ചെയ്തു.
രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈയിൻ 60-ാം മിനിറ്റിൽ വീണ്ടും മുന്നിലെത്തി. റീഗൻ സിങ് ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ പകരക്കാരനായെത്തിയ മുഹമ്മദ് അലിയും ഗോൾ കീപ്പർ ധീരജ് സിങ്ങും തമ്മിലുണ്ടായ ധാരണപ്പിശകാണ് ഗോളിന് കാരണമായത്. ബോക്സിൽ വെച്ച് പന്ത് ലഭിച്ച ചാങ്തെയ്ക്ക് അത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
ചെന്നൈയിൻ വിജയം ഉറപ്പിച്ച് മുന്നേറുന്നതിനിടെയാണ് ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഇഷാൻ പണ്ഡിത ഗോവയുടെ രക്ഷകനായത്.
സ്പോർട്സ് ഡെസ്ക്