ഫത്തോർഡ: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോൾ നേടിയത്. ഡേവിഡ് വില്യംസിന്റെ പാസിൽ നിന്നായിരുന്നു കൃഷ്ണയുടെ ഗോൾ. സീസണിൽ താരത്തിന്റെ 13-ാം ഗോളാണിത്.

ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 36 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാമതുള്ള മുംബൈ സിറ്റിയേക്കാൾ രണ്ട് പോയിന്റ് കൂടുതലാണ് മോഹൻ ബംഗാന്. 18 മത്സരങ്ങളിൽ 21 പോയിന്റുള്ള ജംഷഡ്പൂർ ആറാം സ്ഥാനത്താണ്.

തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ബെംഗളുരുവുമായി ഏറ്റുമുട്ടും. സുനിൽ ഛേത്രിയേയും സംഘത്തേയും കീഴടക്കാനായാൽ മുംബൈയ്ക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്താം.