മുർഗാവ്: ഐ.എസ്.എല്ലിൽ ആശ്വാസ ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

ഹൈദരാബാദിനായി ഫ്രാൻ സന്റാസ ഇരട്ട ഗോളുകളുമായി തിളങ്ങി. കാര്യമായ ഗോളവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലെ പിഴവുകളാണ് തിരിച്ചടിയായത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ ഫ്രാൻ സന്റാസയാണ് ഹൈദരാബാദിന്റെ ഗോൾവേട്ട തുടങ്ങിവച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. സന്റാസയ്ക്ക് പാസ് നൽകാൻ ശ്രമിച്ചതായിരുന്നു ഒഡെയ് ഒനയ്ന്ത്യ.

എന്നാൽ ഇന്റർസെപ്റ്റ് ചെയ്ത ബക്കാരി കോനെയിൽ നിന്ന് പന്ത് നേരെ ജോയൽ കിയാനെസിലേക്ക്. കിയാനെസിൽ നിന്ന് പന്ത് റാഞ്ചാൻ ശ്രമിച്ച കോസ്റ്റയിൽ നിന്ന് മിസ് ടച്ചായി പന്ത് നേരെ ഫ്രാൻ സന്റാസയുടെ മുന്നിൽ. പന്ത് നേരെ വലയിലെത്തിക്കേണ്ട കാര്യമേ സന്റാസയ്ക്കുണ്ടായിരുന്നുള്ളൂ.

തുടർന്ന് 62-ാം മിനിറ്റിൽ ജോയൽ കിയാനെസിനെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ബോക്സിൽ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ഇത്തവണയും ബക്കാരി കോനെയുടെ മോശം ബാക്ക് പാസിൽ നിന്നായിരുന്നു ഈ അവസരം ഹൈദരാബാദിന് ലഭിച്ചത്. കിക്കെടുത്ത സന്റാസ 63-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ലീഡുയർത്തി.



86-ാം മിനിറ്റിൽ അരിഡാനെ സന്റാന ഹൈദരാബാദിന്റെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. മൂന്നു ഗോൾ വീണതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് നിരയ്ക്കെതിരേ 90-ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിന്റെ നാലാം ഗോളും നേടി.

കേരളാ ബ്ലാസ്റ്റേഴ്‌സിനായി 50ാം ഐഎസ്എൽ മത്സരത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി താരം സഹൽ അബ്ദുൽ സമദിനെ ടീമിൽ ഉൾപ്പെടുത്താതെയാണ് പരിശീലകൻ കിബു വിക്കൂന ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. മലയാളി താരം കെ.പി. രാഹുലും പുറത്തിരുന്നപ്പോൾ, മറ്റൊരു മലയാളി താരം കെ.പ്രശാന്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചു.

ഈ സീസണിലെ ആദ്യ മുഖാമുഖത്തിൽ ബ്ലാസ്റ്റേഴ്‌സിനോടേറ്റ തോൽവിക്കും (20) ഹൈദരാബാദ് പകരം വീട്ടി. വിജയത്തോടെ 18 കളികളിൽനിന്ന് ആറു വിജയവും ഒൻപതു തോൽവിയും മൂന്നു സമനിലയും സഹിതം 27 പോയിന്റുമായി ഹൈദരാബാദ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. നിലവിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. സീസണിലെ എട്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 16 പോയിന്റുമായി 10ാം സ്ഥാനത്താണ്. പിന്നിലുള്ളത് ഒൻപത് പോയിന്റുള്ള ഒഡീഷ എഫ്‌സി മാത്രം.