- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശ്വാസ ജയത്തിനും വകയില്ല; ചെന്നൈയിൻ എഫ് സിക്കെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; തിങ്കളാഴ്ച ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരം
ബംബോലിം: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ എഫ്.സി മത്സരം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. ചെന്നൈയിനെ 10-ാം മിനുറ്റിൽ ഫത്ഖുലോവ് മുന്നിലെത്തിച്ചിരുന്നു. 29-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ മടക്കിയ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്.
പ്രതിരോധ പിഴവുകൾ ബ്ലാസ്റ്റേഴ്‌സ് ആവർത്തിച്ചപ്പോൾ ആദ്യ മൂന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി അവസരങ്ങളാണ് ചെന്നൈയിന് കൈവന്നത്. പിന്നാലെ 10-ാം മിനിറ്റിൽ ചെന്നൈയിൻ മുന്നിലെത്തി. എഡ്വിൻ വാൻസ്പോളിന്റെ പാസിൽ നിന്ന് ഫത്ത്ഖുളോയാണ് ചെന്നൈയിന്റെ ഗോൾ നേടിയത്.
ഗോൾ വീണ ശേഷവും ചെന്നൈയിൻ അവസരങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. ഇതിനിടെ 28-ാം മിനിറ്റിൽ ചെന്നൈയിൻ ബോക്സിൽ വെച്ച് ദീപക് താംഗ്രിയുടെ കൈയിൽ പന്ത് തട്ടിയതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഗാരി ഹൂപ്പർ 29-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ പക്ഷേ ആദ്യ പകുതിയിലെ അത്ര വേഗത മത്സരത്തിനുണ്ടായിരുന്നില്ല. 80-ാം മിനിറ്റിൽ പ്രശാന്തിനെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട ഈനസ് സിപോവിച്ച് പുറത്തായതോടെ ചെന്നൈയിൻ അവസാന 10 മിനിറ്റിൽ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ അവസരം മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.
ഇരു ടീമുകളുടേയും പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. 20 മത്സരങ്ങളും പൂർത്തിയാക്കിയ ചെന്നൈയിൻ 20പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 19 കളിയിൽ 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുന്നു. 26-ാം തീയതി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.
സ്പോർട്സ് ഡെസ്ക്