വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബെംഗളൂരു എഫ്.സിയെ കീഴടക്കി ജംഷേദ്പുർ എഫ്.സി ആറാം സ്ഥാനത്ത്. ജംഷേദ്പുരിന്റെ അവസാന ലീഗ് മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ബെംഗളൂരുവിനെ കീഴടക്കിയത്. സ്റ്റീഫൻ എസ്സെ, സെയ്മിൻലെൻ ദുംഗൽ, ഡേവിഡ് ഗ്രാൻഡെ എന്നിവർ ജംഷേദ്പുരിനായി ഗോളുകൾ നേടി. ഫ്രാൻ ഗോൺസാലസ്, സുനിൽ ഛേത്രി എന്നിവരുടെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോളുകൾ.

ജയത്തോടെ ജംഷേദ്പുർ ആറാം സ്ഥാനത്തെത്തിയപ്പോൾ ബെംഗളൂരു ഏഴാം സ്ഥാനത്തേക്ക് വീണു. ഇരുടീമുകൾക്കും പ്ലേ ഓഫിൽ കടക്കണമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലം കൂടി അറിയേണ്ടി വരും.

15-ാം മിനിട്ടിൽ സ്റ്റീഫൻ എസ്സെയാണ് ജംഷേദ്പുരിനായി ആദ്യ ഗോൾ നേടിയത്. ഐടർ മൺറോയിയുടെ പാസ്സ് സ്വീകരിച്ച് എസ്സെ കൃത്യമായി പന്ത് വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു വിയർത്തു. ഗോൾ നേടിയിട്ടും ആക്രമിച്ച് കളിക്കാനാണ് ജംഷേദ്പുർ ശ്രമിച്ചത്.

അതിന്റെ ഭാഗമായി 33-ാം മിനിട്ടിൽ ടീം രണ്ടാം ഗോൾ നേടി. ഇത്തവണ സെയ്മിൻലെൻ ദുംഗലാണ് സ്‌കോർ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച ദുംഗൽ വലംകാൽ കൊണ്ട് തൊടുത്ത ഷോട്ട് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിനെ മറികടന്നുകൊണ്ട് വലയിലെത്തി. ഇതോടെ സ്‌കോർ 2-0 എന്ന നിലയിലായി.

ഏഴുമിനിട്ടുകൾക്ക് ശേഷം 40-ാം മിനിട്ടിൽ ബെംഗളൂരുവിന്റെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് ജംഷേദ്പുർ മൂന്നാം ഗോൾ നേടി. ഇത്തവണ ഡേവിഡ് ഗ്രാൻഡെയാണ് ടീമിനായി സ്‌കോർ ചെയ്തത്. ഇത്തവണയും മൺറോയിയുടെ പാസ്സിൽ നിന്നാണ് ഗോൾ പിറന്നത്. മൺറോയിയുടെ ക്രോസ് സ്വീകരിച്ച ഗ്രാൻഡെ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു തകർന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷേദ്പുർ 3-0 എന്ന സ്‌കോറിന് മുന്നിലെത്തി.

എന്നാൽ രണ്ടാം പകുതിയിൽ മറ്റൊരു ബെംഗളൂരുവിനെയാണ് കളിക്കളത്തിൽ കണ്ടത്. ആക്രമിച്ച് കളിച്ച് ബെംഗളൂരു കളം നിറഞ്ഞതോടെ ജംഷേദ്പുർ അപകടം മണത്തു. 61-ാം മിനിട്ടിൽ ഫ്രാൻ ഗോൺസാലസിലൂടെ ബെംഗളൂരു ഒരു ഗോൾ തിരിച്ചടിച്ചു. പരാഗ് ശ്രീവാസിന്റെ ക്രോസ് സ്വീകരിച്ച ഫ്രാൻ മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് വല ചലിപ്പിച്ചത്. ഇതോടെ സ്‌കോർ 3-1 എന്ന നിലയിലായി.

ഗോൾ നേടിയ ശേഷം ആക്രമിച്ച് കളിച്ച ബെംഗളൂരു 70-ാം മിനിട്ടിൽ വീണ്ടും സ്‌കോർ ചെയ്തു. ഇത്തവണ നായകൻ സുനിൽ ഛേത്രിയാണ് ഗോൾ നേടിയത്. ഈ ഗോളും ഹെഡ്ഡർ വഴിയാണ് പിറന്നത്. ഹർമൻജോട് ഖാബ്ര നൽകിയ ക്രോസ് ബോക്സിനകത്ത് വെച്ച് സ്വീകരിച്ച ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോർ 3-2 എന്ന നിലയിലായി.

പിന്നീട് സമനില ഗോൾ നേടാൻ ബെംഗളൂരു സർവം മറന്ന് കളിച്ചെങ്കിലും ജംഷേദ്പുർ പ്രതിരോധനിര അതിന് സമ്മതിച്ചില്ല. ഇതോടെ വിജയത്തോടെ ജംഷേദ്പുർ ഈ സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ബെംഗളൂരുവിന് അവസാന മത്സരത്തിൽ തോൽവിയും. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 30 പോയിന്റോടെ നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.