- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എസ്.എല്ലിൽ ആദ്യ കിരീടം ചൂടി മുംബൈ സിറ്റി എഫ്.സി; കരുത്തരായ മോഹൻ ബഗാനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; കലാശപ്പോരിലെ ജയം 90-ാം മിനുറ്റിൽ ബിപിൻ സിങിന്റെ ഗോളിൽ
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കന്നി കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്താണ് മുംബൈ ആദ്യ ഐ.എസ്.എൽ കിരീടം നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ കിരീട നേട്ടത്തിലെത്തിയത്.
ഐഎസ്എല്ലിൽ നാലാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ എടികെ മോഹൻ ബഗാന് ടിറി വഴങ്ങിയ സെൽഫ് ഗോളാണ് തിരിച്ചടിയായത്. മോഹൻ ബഗാൻ നന്നായി കളിച്ചെങ്കിലും ഭാഗ്യം മുംബൈയ്ക്കൊപ്പം നിന്നു. ഐ.എസ്.എൽ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ.
18-ാം മിനുറ്റിൽ ഡേവിഡ് വില്യംസിന്റെ ഗോൾ കൊൽക്കത്തൻ കരുത്തരെ മുന്നിലെത്തിച്ചപ്പോൾ 29-ാം മിനുറ്റിൽ ടിറിയുടെ ഓൺഗോൾ ആദ്യപകുതിയെ സമനിലയിലേക്കാനയിച്ചു. എന്നാൽ 90 മിനുറ്റ് പൂർത്തിയാകാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ബിപിൻ സിംഗിന്റെ ഗോൾ മുംബൈയെ കിരീടത്തിലെത്തിക്കുകയായിരുന്നു.
ഈ സീസണിൽ നേരത്തേ പ്രാഥമിക ഘട്ടത്തിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയഗോൾ നേടിയ മുംബൈയുടെ ബിപിൻ സിങ് ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ശക്തമായ സ്റ്റാർട്ടിങ് ഇലവൻ ഇരു ടീമും അണിനിരത്തി. എന്നാൽ മുംബൈ സിറ്റിയുടെ സൂപ്പർതാരം ബെർത്തലോമ്യൂ ഓഗ്ബെച്ചേ ബഞ്ചിലായിരുന്നു. ആഡം ലെ ഫോൻഡ്രേയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ഫോർമേഷനിലായിരുന്നു മുംബൈയുടെ പടപ്പുറപ്പാട്. ഡേവിഡ് വില്യംസും റോയ് കൃഷ്ണയും സ്ട്രൈക്കർമാരായി ഇറങ്ങിയപ്പോൾ 3-5-2 ശൈലിയിൽ അഞ്ച് താരങ്ങളെ എടികെ മധ്യനിരയിൽ പരീക്ഷിച്ചു.
11-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ ശ്രമം വന്നത്. മോഹൻ ബഗാന്റെ ഹാവി ഹെർണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ പോസ്റ്റിൽ തട്ടിത്തെറിച്ചു. തകർപ്പൻ ഫ്രീകിക്കാണ് ഹെർണാണ്ടസ് എടുത്തത്.
16-ാം മിനിട്ടിൽ മുംബൈ ബോക്സിലേക്ക് കുതിച്ചുകയറിയ റോയ് കൃഷ്ണ പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും മുംബൈ ഗോൾകീപ്പർ അമരീന്ദർ സിങ് അത് തട്ടിയകറ്റി.
18-ാം മിനിട്ടിൽ മുംബൈയ്ക്കെതിരേ മോഹൻ ബഗാൻ ലീഡെടുത്തു. ഡേവിഡ് വില്യംസാണ് ടീമിനായി ഗോൾ നേടിയത്. മുംബൈ പ്രതിരോധ താരം അഹമ്മദ് ജാഹുവിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിനകത്തുവെച്ച് പാസ്സ് ചെയ്യാൻ ശ്രമിച്ച ജാഹുവിന്റെ ശ്രമം പാളി. ഇത് റാഞ്ചിയെടുത്ത റോയ് കൃഷ്ണ പന്ത് ഡേവിഡ് വില്യംസിന് കൈമാറി. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിച്ച് വില്യംസ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു.
26-ാം മിനിട്ടിൽ ആദം ലേ ഫോൺഡ്രേ മോഹൻ ബഗാൻ ബോക്സിലേക്ക് ഒരു ലോങ്റേഞ്ചർ എടുത്തെങ്കിലും പന്ത് അരിന്ധം ഭട്ടാചാര്യം അനായാസം കൈയിലൊതുക്കി. എന്നാൽ 28-ാം മിനിട്ടിൽ മുംബൈ സമനില ഗോൾ നേടി.
മോഹൻ ബഗാൻ പ്രതിരോധതാരം ടിറിയുടെ സെൽഫ് ഗോളിലൂടെയാണ് മുംബൈ സമനില നേടിയത്. ബിപിൻ സിങ്ങിന് നേരെ വന്ന ലോങ് പാസ് ക്ലിയർ ചെയ്യാനായി ശ്രമിച്ച ടിറിയുടെ ഹെഡ്ഡർ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു. ഇത് തട്ടിയകറ്റാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയ്ക്ക് കഴിഞ്ഞില്ല. ഇതോടെ സ്‌കോർ 1-1 എന്ന നിലയിലായി.
ഗോൾ നേടിയതിനുതൊട്ടുപിന്നാലെ വീണ്ടും മോഹൻ ബഗാൻ ഗോൾമുഖത്ത് ഭീതി സൃഷ്ടിക്കാൻ മുംബൈയ്ക്ക് സാധിച്ചു. പക്ഷേ ഹ്യൂഗോ ബൗമസിന്റെ ഉഗ്രൻ ഷോട്ട് അരിന്ധം ഭട്ടാചാര്യ കഷ്ടപ്പെട്ട് തട്ടിയകറ്റി.
42-ാം മിനിട്ടിൽ മോഹൻ ബഗാന്ഡറെ ലെനി റോഡ്രിഗസ്സിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 45-ാം മിനിട്ടിൽ മുന്നേറ്റതാരം റോയ് കൃഷ്ണ മുംബൈ ബോക്സിലേക്ക് കുതിച്ചെത്തി ഷോട്ടുതിർത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.
ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ മുംബൈയുടെ പ്രതിരോധതാരം അമെയ് റണവഡേ ഗുരുതരമായി പരിക്കേറ്റു. താരത്തെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മുംബൈയാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടത്. പതിയേ മോഹൻ ബഗാനും കളിയിലേക്ക് തിരിച്ചുവന്നു. 58-ാം മിനിട്ടിൽ ഹ്യൂഗോ ബൗമസിന് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
61-ാം മിനിട്ടിൽ മോഹൻ ബഗാൻ മുംബൈ ഗോൾ വല ചലിപ്പിച്ചെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു. ഹാവി ഹെർണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈയുടെ റാക്കിബിന്റെ കാലിൽ തട്ടി സ്വന്തം വലയിലെത്തി. ഇതുകണ്ട മോഹൻ ബഗാൻ താരങ്ങൾ സെൽഫ് ഗോളാണതെന്ന് പറഞ്ഞ് റഫറിയോട് കയർത്ത് സംസാരിക്കാൻ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. റഫറി ഓഫ്സൈഡ് തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.
71-ാം മിനുറ്റിൽ ഫോൻഡ്രേയുടെ പകരക്കാരനായി ഓഗ്ബെച്ചേയെ മുംബൈ ഇറക്കി. തൊട്ടുപിന്നാലെ ഹാവി ഹെർണാണ്ടസിന്റെ ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു.
72-ാം മിനിട്ടിൽ ഹാവി ഹെർണാണ്ടസ് വീണ്ടും ഒരു തകർപ്പൻ ലോങ്റേഞ്ചറിലൂടെ മുംബൈയുടെ നെഞ്ചിടിപ്പ് കൂട്ടി. താരത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ലോങ്റേഞ്ചർ ഗോൾകീപ്പർ അമരീന്ദർ തട്ടിയകറ്റി. അമരീന്ദറിന്റെ കൈയിൽ തട്ടി പോസ്റ്റിൽ ഇടിച്ചാണ് പന്ത് കടന്നുപോയത്.
ഒടുവിൽ 90-ാം മിനിട്ടിൽ മുംബൈ മത്സരത്തിലെ വിജയഗോൾ സ്വന്തമാക്കി. മുന്നേറ്റതാരം ബിപിൻ സിങ്ങാണ് ടീമിനായി ഗോൾ നേടിയത്. മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.
പൂർണസമയത്ത് മത്സരം സമനിലയിൽ തുടരും എന്ന് പ്രതീക്ഷിച്ച് നിൽക്കേയാണ് ട്വിസ്റ്റായി മുംബൈയുടെ ബിപിൻ സിംഗിന്റെ ഗോളെത്തിയത്. ലോങ് ബോൾ പിടിച്ചെടുക്കുന്നതിൽ അരിന്ദത്തിന് പിഴച്ചപ്പോൾ പന്ത് റാഞ്ചിയ ഓഗ്ബച്ചേ നൽകിയ പാസിൽ നിന്നായിരുന്നു ബിപിന്റെ വിജയഗോൾ.
ബോക്സിന് പുറത്തേക്ക് പന്തെടുക്കാനായി എത്തിയ ഗോൾകീപ്പറിൽ നിന്നും പന്ത് തട്ടിയെടുത്ത ബർത്തലോമ്യു ഒഗ്ബെച്ചെ പന്തുമായി ബോക്സിനകത്തേക്ക് കയറി പ്രതിരോധതാരങ്ങളെ മറികടന്ന് ബിപിൻ സിങ്ങിന് പാസ് നൽകി. ഗോളിയില്ലാ പോസ്റ്റിലേക്ക് അനായാസം പന്ത് അടിച്ചുകയറ്റി ബിപിൻ സിങ് ടീമിനായി വിജയഗോൾ നേടി. ഇതോടെ ഐ.എസ്.എൽ കിരീടം മുംബൈ ഉറപ്പിച്ചു.
സ്പോർട്സ് ഡെസ്ക്