- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുമായി ഇഗോൾ അംഗൂളോ; എഫ്.സി ഗോവയെ കീഴടക്കി മുംബൈ സിറ്റി; നിലവിലെ ചാമ്പ്യന്മാരുടെ ജയം മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്; ചൊവ്വാഴ്ച ചെന്നൈയിനും ഹൈദരാബാദും നേർക്കുനേർ
ഫത്തോർഡ: ഐ.എസ്.എല്ലിൽ എഫ്.സി ഗോവയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റി എഫ്.സിക്ക് സീസണിൽ വിജയത്തുടക്കം. സ്ട്രൈക്കർ ഇഗോൾ അംഗൂളോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ പകരക്കാരനായെത്തിയ യഗോർ കറ്ററ്റാവു മുംബൈയുടെ മൂന്നാം ഗോൾ കണ്ടെത്തി.
കളിയുടെ തുടക്കം മുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത മുംബൈക്കു തന്നെയായിരുന്നു കളിയിലുടനീളം മേൽക്കൈ. പത്താം മിനിറ്റിലാണ് മുംബൈക്ക് ആദ്യ അവസരം ഒരുങ്ങിയത്. എന്നാൽ അങ്കൂളോയുടെ ദുർബലമായ ഷോട്ടിന് ഗോവ ഗോൾ കീപ്പർ ധീരജിനെ വിറപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.
പതിനാലാം മിനിറ്റിൽ വിഘ്‌നേഷിനെ പെനൽറ്റി ബോക്‌സിൽവ വീഴ്‌ത്തിയതിന് മുംബൈ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. മുപ്പതാം മിനിറ്റിൽ ഗോവക്ക് ആദ്യ അവസരമൊരുങ്ങി. പക്ഷെ ഗ്ലെൻ മാർട്ടിൻസിന്റെ പാസ് പിടിച്ചെടുക്കാൻ കാബ്രറക്കായില്ല. 33-ാം മിനിറ്റിൽ കാസിയോയെ ഇവാൻ ബോക്‌സിൽ വീഴ്‌ത്തിയതിന് മുംബൈക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്കെടുത്ത ഇഗോൾ അംഗൂളോ ഗോൾകീപ്പർ ധീരജിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു.
ഗോൾ വീണതിന്റെ ഞെട്ടൽ മാറുംമുമ്പേ 36-ാം മിനിറ്റിൽ അംഗൂളോ തന്നെ മുംബൈയുടെ ലീഡുയർത്തി. റയ്നിയർ ഫെർണാണ്ടസിന്റെ മികച്ചൊരു പാസിൽ നിന്നായിരുന്നു താരത്തിന്റെ രണ്ടാം ഗോൾ.
പിന്നാലെ 45-ാം മിനിറ്റിൽ മുംബൈ മൂന്നാം ഗോളും നേടേണ്ടതായിരുന്നു. പക്ഷേ ഗോളി മാത്രം മുന്നിൽ നിൽക്കേ റയ്നിയർ ഫെർണാണ്ടസിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി.
രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഗോവ, മുംബൈ ആക്രമണങ്ങളെ ചെറുത്തുനിന്നു. ഏതാനും മുന്നേറ്റങ്ങൾ നടത്താനായെങ്കിലും അതൊന്നും ഗോളിലെത്തിക്കാൻ അവർക്കായില്ല.
76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം യാഗോർ കാറ്റാറൗ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മുംബൈക്കായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതോടെ ഗോവയുടെ സമനില പ്രതീക്ഷകൾ പൊലിഞ്ഞു. 73-ാം മിനിറ്റിൽ കസ്സിയോ ഗബ്രിയേലിന് പകരം കളത്തിലിറങ്ങി രണ്ടു മിനിറ്റിനുള്ളിൽ തന്നെ കറ്ററ്റാവു സ്‌കോർ ഷീറ്റിൽ ഇടംനേടുകയായിരുന്നു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഗോവയുടെ ശ്രമങ്ങൾ മുംബൈ പ്രതിരോധത്തിൽ തട്ടി പൊലിഞ്ഞു.
സ്പോർട്സ് ഡെസ്ക്