ബംബോലിം: ഐഎസ്എല്ലിൽ പരുക്കൻ അടവുകളും കയ്യാങ്കളിയും രണ്ട് ചുവപ്പുകാർഡും കണ്ട മത്സരത്തിൽ ബെംഗലൂരു എഫ് സിയെ വീഴ്‌ത്തി എഫ് സി ഗോവ. കളിയുടെ പകുതി സമയവും പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം ചോരാതെ മുന്നേറിയാണ് ഗോവ ജയം പിടിച്ചെടുത്തത്. ബെംഗലൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്.

സീസണിലെ രണ്ടാം ജയത്തോടെ ഗോവ പോയന്റ് പട്ടികയിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോൾ സീസണിൽ അഞ്ച് കളികളിൽ നാലാം തോൽവി വഴങ്ങിയ ബെംഗലൂരു എഫ് സി ഒമ്പതാം സ്ഥാനത്തേക്ക് വീണു.

56-ാം മിനിറ്റിൽ സുരേഷ് വാങ്ജാമിന്റെ ഫൗളിനെത്തുടർന്ന് കൈയാങ്കളിക്ക് മുതിർന്ന ജോർജെ ഓർട്ടിസ് ചുവപ്പു കാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ലീഡ് തിരിച്ചു പിടിച്ചാണ് ഗോവ ജയിച്ചു കയറിയത്.

പതിനാറാം മിനിറ്റിൽ ആഷിഖ് കുരുണിയന്റെ സെൽഫ് ഗോളിൽ ബെംഗലൂരു പിന്നിലായിപ്പോയിരുന്നു. ദേവേന്ദ്ര മുർഗോങ്കറുടെ ക്രോസ് ഗുർപ്രീത് സിങ് സന്ധു തട്ടിയകറ്റിയെങ്കിലും ആഷിഖ് ഖുരുണിയന്റെ കാലിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ക്ലൈയ്റ്റൺ സിൽവയിലൂടെ ബെംഗലൂരു ഒപ്പമെത്തി. ഫ്രീ കിക്കിൽ നിന്നായിരുന്നു സിൽവയുടെ ഗോൾ.

രണ്ടാം പകുതിയിൽ കളി കൂടുതൽ പരുക്കനായതോടെ കാർഡുകളുടെ കളിയായിരുന്നു. ഇതിനിടയിലാണ് ജോർജെ ഓർട്ടിസ് ചുവപ്പു കാർഡ് കണ്ടത്. എന്നാൽ പത്തുപേരായി ചുരുങ്ങിയെങ്കിലും തളരാതെ പൊരുതിയ ഗോവ 70-ാം മിനിറ്റിൽ ദേവേന്ദ്ര മുർഗോങ്കറിലൂടെ ലീഡ് തിരിച്ചുപിടിച്ചു.

83ാം മിനിറ്റിൽ ബെംഗലൂരുവിന്റെ സുരേഷ് സിങ് വാങ്ജം രണ്ടാം മഞ്ഞക്കാർഡ് കണ്ട് ചുവപ്പു കാർഡ് വാങ്ങി പുറത്തുപോയതോടെ ഇരു ടീമുകളും പത്തുപേരായി ചുരുങ്ങി. അവസാന നിമിഷം സമനില ഗോളിനായി ബെംഗലൂരു പൊരുതിയെങ്കിലും വിജയവുമായി കയറാൻ ബെഗലൂരുവിനായില്ല.