ഫറ്റോർദ: ഐഎസ്എല്ലിൽ പരാജയ പരമ്പര തുടർന്ന് ഈസ്റ്റ് ബംഗാൾ . നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോൽവി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. മലയാളി താരം വി പി സുഹൈറും പാട്രിക് ഫ്‌ളോട്ട്മാനുമാണ് നോർത്ത് ഈസ്റ്റിനായി വലകുലുക്കിയത്.

തുടക്കത്തിൽ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമിച്ചു കളിച്ചത്. പന്തടക്കത്തിലും പാസിംഗിലും ഈസ്റ്റ് ബംഗാൾ മുന്നിട്ടു നിന്നു. ആദ്യ നിമിഷങ്ങളിൽ ആസൂത്രിത ആക്രമണങ്ങളൊന്നും നടത്താൻ നോർത്ത് ഈസ്റ്റിനായില്ല. പതുക്കെ നോർത്ത് ഈസ്റ്റ് കളം പിടിച്ചുവെങ്കിലും കളി ആദ്യ ഇരുപത് മിനിറ്റും മധ്യനിരയിൽ ഒതുങ്ങി നിന്നു. ആദ്യ 20 മിനിറ്റിന് ശേഷം ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും മുന്നേറ്റ നിരക്ക് അതൊന്നും മുതലാക്കാനായില്ല.

ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ തുലക്കാൻ മത്സരിച്ചപ്പോൾ ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യമായ ആക്രമണത്തിനൊന്നും ഇരു ടീമുകളും മുതിർന്നില്ല. എന്നാൽ 62-ാം മിനിറ്റിൽ സമനിലപൂട്ട് പൊളിച്ച് മലയാളി താരം വി പി സുഹൈർ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു.

ആദ്യ ഗോളിന്റെ ആവേശത്തിൽ നോർത്ത് ഈസ്റ്റ് ആക്രമണം കനപ്പിച്ചതോടെ ഈസ്റ്റ് ബംഗാൾ പ്രതിരോധം ആടിയുലഞ്ഞു, അധികം വൈകാതെ അതിന് ഫലവും ലഭിച്ചു. 68-ാം മിനിറ്റിൽ ഹെഡ്ഡർ ഗോളിലൂടെ ഫ്‌ളോട്ട്മാൻ നോർത്ത് ഈസ്റ്റിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.

കളിയുടെ ഇഞ്ചുറി ടൈമിൽ ഖാസ കമാറയുമായി കൈയാങ്കളിക്ക് മുതിർന്ന ആന്റോണിയോ പെർസോവിച്ച് ചുവപ്പു കാർഡ് കണ്ടതോടെ 10 പേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്. നേരത്തെ കിക്കോഫിന് തൊട്ടു മുമ്പ് പരിക്കുമൂലം ക്യാപ്റ്റൻ ഹെർനാൻ സന്റാനയെ നോർത്ത് ഈസ്റ്റിന് നഷ്ടമായിരുന്നു.

ജയത്തോടെ നോർത്ത് ഏഴ് കളികളിൽ ഏഴ് പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഏഴ് കളികളിൽ മൂന്ന് പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തുടരുന്നു.