- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ ചാമ്പ്യന്മാരെ 'അട്ടിമറിച്ച്' കേരള ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ആറ് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി മഞ്ഞപ്പട അഞ്ചാമത്
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാംപന്മാരായ മുംബൈ സിറ്റി എഫ്സിയെ 'അട്ടിമറിച്ച്' കേരള ബ്ലാസ്റ്റേഴ്സ്. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. സഹൽ അബ്ദു സമദ്, അൽവാരോ വാസ്‌ക്വെസ്, ജോർജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയതത്. മുംബൈയുടെ മൗർത്താദ ഫാൾ ചുവപ്പ് കാർഡുമായി പുറത്തായത് അവർക്ക് തിരിച്ചടിയായി.
ഫത്തോർഡ സ്റ്റേഡിയത്തിൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല. 11-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടങ്ങി. അൽവാരോ വാസ്‌ക്വസിന്റെ ഷോട്ട് മുംബൈ ഗോളി നവാസ് കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
27-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിലൂടെ മഞ്ഞപ്പട മുന്നിലെത്തി. ജോർജ് ഡയാസ് ബോക്സിൽ നിന്ന് ലോബ് ചെയ്ത നൽകിയ പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന സഹൽ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
സീസണിൽ സഹലിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ഗോളിന് ശേഷം ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നു. 47 -ാം മിനുട്ടിൽ ജീക്സൺ സിംഗിന്റെ പാസിൽ ഒരു വോളിയിലൂടെ വാസ്‌ക്വെസ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. ഐഎസ്എല്ലിൽ ഇതുവരെ പിറന്നതിൽ ഏറ്റവും മികച്ച ഗോളാണ് വാസ്‌ക്വെസ് തൊടുത്തുവിട്ടത്.
പിന്നാലെ 51-ാം മിനിറ്റിൽ മഞ്ഞപ്പടയ്ക്ക് പെനാൽറ്റിയും ലഭിച്ചു. ഡയസിനെ ഫാൾ കാൽവച്ച് വീഴ്‌ത്തിയതോടെയാണ് റഫറി പെനാൽറ്റി വിധിച്ചത്. മാത്രമല്ല, ഫാൾ ചുവപ്പ് കാർഡുമായി പുറത്താവുകയും ചെയ്തു. കിക്കെടുത്ത ഡയസിന് പിഴച്ചില്ല. സ്‌കോർ 3-0.
ജയത്തോടെ ആറ് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്്സ് അഞ്ചാമതായി. ഏഴ് മത്സരങ്ങളിൽ 15 പോയിന്റുള്ള മുംബൈ ഒന്നാമത് തുടരുന്നു. അവരുടെ രണ്ടാമത്തെ തോൽവിയാണിത്.
സ്പോർട്സ് ഡെസ്ക്