- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരങ്ങൾ തുലച്ചു; ഗോളടിക്കാൻ മറന്നു; ജംഷഡ്പൂർ - ബെംഗലൂരു പോരാട്ടം ഗോൾരഹിത സമനിലയിൽ; 12 പോയന്റുമായി ജംഷഡ്പൂർ രണ്ടാം സ്ഥാനത്ത്
ബംബോലിം: ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ്സി-ബെംഗലൂരു എഫ്സി പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ കാഴ്ചവച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. അവസാന നിമിഷം ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും പ്രതിരോധനിരയെ മറികടന്നു മുന്നേറാൻ ഇരുഭാഗങ്ങളിലേയും മുന്നേറ്റ നിരയ്ക്ക് കഴിഞ്ഞില്ല.
സമനിലയോടെ ജംഷഡ്പൂർ 12 പോയന്റുമായി രണ്ടാം ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ആറ് പോയന്റുള്ള ബെംഗലൂരു പത്താം സ്ഥാനത്ത് തുടരുന്നു.
രണ്ടാം മിനിറ്റിൽ തന്നെ ഗ്രെഗ് സ്റ്റുവർട്ടിനെ ബ്രൂണോ സിൽവ ഫൗൾ ചെയ്തതിന് ബോക്‌സിന് പുറത്തു ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും സ്റ്റുവർട്ട് എടുത്ത കിക്ക് ബെംഗലൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധു അനായാസം കൈയിലൊതുക്കി. തുടർന്നും സ്റ്റുവർട്ടിലൂടെ ജംഷഡ്പൂർ ആക്രമണം തുടർന്നെങ്കിലും ഗോളിലേക്ക് എത്താനായില്ല.
അഞ്ചാം മിനിറ്റിൽ അജിത് കാമരാജിലൂടെ ബെംഗലൂരുവിന് അർധാവസരം ലഭിച്ചെങ്കിലും ബോക്‌സിലേക്ക് നീട്ടി നൽകി പാസിൽ ആർക്കും തൊടാനായില്ല. പതിമൂന്നാം മിനിറ്റിൽ ജംഷഡ്പൂരിന്റെ അലക്‌സാണ്ടർ ലിമയുടെ അതിമനോഹരമായ നീക്കവും ഗോളാവാതെ പോയത് നിർഭാഗ്യത്തിനായിരുന്നു.
തുടർച്ചയായ ആക്രമണങ്ങളിലൂട ജംഷഡ്പൂർ ബെംഗലൂരു പ്രതിരോധത്തെ വിറപ്പിച്ചു നിർത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവും നിർഭാഗ്യവും അവകർക്ക് വിലങ്ങുതടിയായി. 39-ാം മിനിറ്റിൽ പരിക്കേറ്റ കോമൾ തട്ടാലിന് പകരം ജംഷഡ്പൂർ ബോറിസ് സിംഗിനെ കളത്തിലിറക്കി. ആദ്യ പകുതിയുടെ അവസാനമാകുമ്പോഴേക്കും ബെംഗലൂരുവും ആക്രമണങ്ങൾ കനപ്പിച്ചതോടെ മത്സരം ആവേശകരമായി. 58-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവ ബെംഗലൂരുവിനായി എടുത്ത ഫ്രീ കിക്ക് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.
74ാം മിനിറ്റിൽ തുടർച്ചയായ രണ്ട് രക്ഷപ്പെടുത്തലുകൾ നടത്തി ബെംഗലൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധു ടീമിന്റെ രക്ഷകനായി. 84-ാം മിനിറ്റിൽ ആഷിഖ് കുരുണിയന്റെ ക്രോസിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹെഡ്ഡർ ജംഷഡ്പൂർ പോസ്റ്റിൽ തട്ടിത്തെറിച്ചത് ബെംഗലൂരുവിന്റെ നിർഭാഗ്യമായി.
സ്പോർട്സ് ഡെസ്ക്