- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ സിറ്റിയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെയും മുക്കി; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്; സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് മഞ്ഞപ്പട; 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത്
മഡ്ഗാവ്: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ മൂന്ന് ഗോളിന് വീഴ്‌ത്തിയ അതേ നെഞ്ചുറുപ്പുമായി ഇറങ്ങി ചെന്നൈയിൻ എഫ് സിയെയും നിലംപരിശാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി ചെന്നൈയിൻ വലയിൽ അടിച്ചുകയറ്റി സീസണിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ചു.
ബ്ലാസ്റ്റേഴ്സിനുവേണ്ടി ഡയസ് പെരേര, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ എന്നിവർ ലക്ഷ്യം കണ്ടു. പുതിയ സീസണിൽ അപരാജിത കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നു. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി ആറുമത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവർന്നു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ തകർത്ത അതേ ടീമിനെ തന്നെ ഇറക്കിയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ചെന്നൈയിനെതിരേയും വിജയം നേടിയത്. ആദ്യ പകുതിയുടെ ഒമ്പതാം മിനിറ്റിൽ ജോർജെ ഡയസും 38ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദും രണ്ടാം പകുതിൽ 78-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ചെന്നൈയിൻ വല കുലുക്കിയത്. ജയത്തോടെ ഏഴ് കളികളിൽ 12 പോയന്റുമായി ആറാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് കയറിയപ്പോൾ ഏഴ് കളികളിൽ 11 പോയന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികൾ.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ് സിയെ തകർത്തതിന്റെ ആത്മവിശ്വസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തു. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഒമ്പതാം മിനിറ്റിൽ ലാൽതാംഗ ക്വാൽറിംഗിന്റെ പാസിൽ നിന്ന് ചെന്നൈയിൻ വല കുലുക്കിയ ജോർജെ പേരേരെ ഡയസ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.
ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തതോടെ ചെന്നൈയിൻ തുടർച്ചയായി ആക്രമിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 25-ാം മിനിറ്റിൽ ജെർമൻപ്രീത് സിംഗിന്റെ ഗോളെന്നുറച്ച ഹെഡ്ഡർ ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാൽ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണങ്ങൾ മെനഞ്ഞതോടെ ചെന്നൈയിൻ പ്രതിരോധത്തിലും വിള്ളലുണ്ടായി.
28ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്ന് ജോർജെ ഡയസ് ഹെഡ്ഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. തൊട്ടുപിന്നാലെ ബോക്‌സിനകത്തു നിന്ന് അഡ്രിയാൻ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ വിശാൽ കെയ്ത്ത് രക്ഷപ്പെടുത്തി. എന്നാൽ 38-ാം മിനിറ്റിൽ വല കുലുക്കി സഹൽ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടാം പകുതിയിലും തുടർ ആക്രമണങ്ങളുമായി ചെന്നൈയിൻ പ്രതിരോധത്തെ വിറപ്പിച്ചു. പാസിംഗിലും അറ്റാക്കിങ് തേർഡിലും ചെന്നൈയിൻ എഫ് സിക്ക് പിഴച്ചപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകൾ ബ്ലാസ്റ്റേഴ്‌സ് പായിച്ചപ്പോൾ ഒന്നുപോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ ചെന്നൈനിയാനിയില്ല. പന്തടക്കത്തിൽ ചെന്നൈയിന് നേരിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും പാസിംഗിൽ ഇരു ടീമും ഒപ്പത്തിപ്പൊനൊപ്പം നിന്നു.
സ്പോർട്സ് ഡെസ്ക്