ബംബോലിം: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ എഫ് സിക്കെതിരെ സമനില വഴങ്ങിയെങ്കിലും 12 പോയന്റുമായി ഹൈദരാബാദ് എഫ് സി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഈസ്റ്റ് ബംഗാളിനായി അമീർ ഡെർവിസെവിച്ചും ഹൈദരാബാദിനായി ബർതൊലോമ്യു ഒഗ്‌ബെച്ചെയുമാണ് വല കുലുക്കിയത്.

ഈ സീസണിൽ ഹൈദരാബാദിനായി അഞ്ചാം ഗോൾ നേടിയ ഒഗ്‌ബെച്ചെ അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ ഹ്യൂഗോ ബോമസിനും മുംബൈ സിറ്റി എഫ് സിയുടെ ഇഗോർ അംഗൂളക്കുമൊപ്പം സീസണിലെ ടോപ് സ്‌കോറർ സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ഈസ്റ്റ് ബംഗാളായിരുന്നു.ഒടുവിൽ അവർക്ക് അതിന് ഫലം ലഭിച്ചത് 20-ാം മിനിറ്റിലായിരുന്നു.

ബോക്‌സിന് പറത്തു നിന്ന് ഡെർവിസെവിച്ച് എടുത്ത ഫ്രീ കിക്കിൽ നിന്നാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്. ലീഡ് നേടിയശേഷവും പ്രതിരോധത്തിന് മുതിരാതെ ആക്രമിച്ചു കളിച്ച ഈസ്റ്റ് ബംഗാൾ ഏത് നിമിഷവും രണ്ടാം ഗോൾ നേടുമെന്ന തോന്നലുണ്ടാക്കി. 34-ാം മിനിറ്റിൽ ബോക്‌സിന് ഇടതുവശത്തു നിന്ന് ഹൈദരാബാദിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. എഡു ഗാർഷ്യ എടുത്ത ഫ്രീ കിക്ക് അപകടമുണ്ടാക്കായില്ലെങ്കിലും തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഈസ്റ്റ് ബംഗാൾ ഗോളിന് അടുത്തെത്തി. ഡാനിയേൽ ചുക്വുന്റെ പോസ്റ്റിനെ ഉരുമ്മി പുറത്തുപോയതിന് പിന്നാലെ ഹൈദരാബാദ് അടുത്ത നീക്കത്തിൽ സമനില പിടിച്ചു.

അങ്കിത് ജാദവിന്റെ മനോഹരമായ പാസ് പിടിച്ചെടുത്ത് ബോക്‌സിനകത്തുനിന്ന് ഒഗ്‌ബെച്ചെ ഗോളിലേക്ക് നിറയൊഴിച്ചതോടെ ഹൈദരാബാദ് സമനില വീണ്ടെടുത്തു. രണ്ടാം പകുതിയിൽ ഗോളിലേക്ക് ലക്ഷ്യം വെക്കുന്ന ശ്രമങ്ങൾ അധികമൊന്നും ഉണ്ടായില്ല. ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുക്കുന്നതിൽ പരാജയപ്പെട്ടു. അവാസന നിമിഷം ഒഗ്‌ബെച്ചെയുടെ ഹെഡ്ഡർ നേരെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ അരിന്ദം ബട്ടചാര്യ കൈക്കുള്ളിൽ ഒതുക്കിയതോടെ പോയന്റ് പങ്കിട്ട് ഇരുടീമും കൈകൊടുത്ത് പിരിഞ്ഞു.

സമനിലയോടെ സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ ഈസ്റ്റ് ബംഗാൾ നാലു പോയന്റുമായി അവസാന സ്ഥാനത്ത് തുടരുമ്പോൾ ജംഷഡ്പൂരിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി.