- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെഷോൺ ബ്രൗണിന്റെ ഹാട്രിക്കിന് ഇഗോർ അംഗൂളോയുടെ ഇരട്ട ഗോൾ മറുപടി; ആവേശപ്പോരിൽ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; 16 പോയിന്റുമായി മുംബൈ മുന്നിൽ
ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ ശക്തരായ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
നോർത്ത് ഈസ്റ്റിനായി ഡെഷോൺ ബ്രൗൺ ഹാട്രിക്ക് നേടിയപ്പോൾ മുംബൈയ്ക്ക് വേണ്ടി ഇഗോർ അംഗൂളോ ഇരട്ട ഗോൾ നേടി.ബിപിൻ സിങ്ങും ലക്ഷ്യം കണ്ടു.
ഈ സമനിലയോടെ മുംബൈ എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.
മത്സരത്തിൽ ആധിപത്യം പുലർത്തിയത് മുംബൈ ആയിരുന്നെങ്കിലും ആദ്യ ഗോളടിച്ചത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. മുംബൈ ആക്രമണങ്ങളുടെ മുനയൊടിച്ചുകൊണ്ട് മത്സരത്തിന്റെ 29-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് മത്സരത്തിൽ ലീഡെടുത്തു. സൂപ്പർ താരം ഡെഷോൺ ബ്രൗണാണ് ഹൈലാൻഡർമാർക്ക് വേണ്ടി വലകുലുക്കിയത്.
ഇമ്രാൻ ഖാന്റെ അതിമനോഹരമായ ലോങ്പാസ് സ്വീകരിച്ച് മുംബൈ ബോക്സിനകത്തേക്ക് മുന്നേറിയ ബ്രൗൺ ഗോൾകീപ്പർ നവാസിനെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് ക്യാമ്പിൽ ആഘോഷം അലയടിച്ചു.
എന്നാൽ നോർത്ത് ഈസ്റ്റിന്റെ സന്തോഷത്തിന് വെറും അഞ്ചുമിനിട്ട് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ഗോൾ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച മുംബൈ 34-ാം മിനിട്ടിൽ സമനില നേടി. സൂപ്പർ താരം ഇഗോർ അംഗൂളോയാണ് ടീമിനായി സ്‌കോർ ചെയ്തത്.
മികച്ച ടീം ഗെയിമിലൂടെയാണ് ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്ന് പന്തുമായി മുന്നേറിയ അഹമ്മദ് ജാഹു ബിപിൻ സിങ്ങിന് കൃത്യമായി പാസ് നൽകി. പാസ് ലഭിച്ചയുടൻ ബോക്സിലേക്ക് കുതിച്ച ബിപിൻ പ്രതിരോധതാരങ്ങൾക്ക് അവസരം നൽകാതെ അംഗൂളോയ്ക്ക് പന്ത് മറിച്ചുനൽകി. പാസ് സ്വീകരിച്ച അംഗൂളോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചാൻ ഗോൾകീപ്പർ മിർഷാദ് ഓടിവന്നെങ്കിലും അനായാസം ലക്ഷ്യം കണ്ട് അംഗൂളോ നിലവിലെ ചാമ്പ്യന്മാർക്ക് സമനില ഗോൾ സമ്മാനിച്ചു.
ഒരു ഗോൾ വഴങ്ങിയതിന്റെ ഞെട്ടൽ മാറുംമുൻപ് മുംബൈ വീണ്ടും ഗോളടിച്ച് നോർത്ത് ഈസ്റ്റിനെ തളർത്തി. ഇത്തവണ ബിപിൻ സിങ്ങാണ് ഗോളടിച്ചത്. മത്സരത്തിന്റെ 40-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഇഗോർ അംഗൂളോയുടെ പാസിൽ നിന്നാണ് ബിപിൻ ഗോളടിച്ചത്. ബിപിന്റെ ദുർബലമായ ഷോട്ട് പിടിച്ചെടുക്കാൻ ഗോൾകീപ്പർ മിർഷാദ് പരാജയപ്പെട്ടു. വൈകാതെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ വീണ്ടും ഗോളടിച്ച് മുംബൈ ലീഡ് ഉയർത്തി. 52-ാം മിനിട്ടിൽ ഇഗോർ അംഗൂളോയാണ് ടീമിനായി മൂന്നാം ഗോളടിച്ചത്. നോർത്ത് ഈസ്റ്റ് ബോക്സിനകത്തേക്ക് പന്തുമായി മുന്നേറിയ കാറ്ററാവുവിനെ നേരിടാൻ ഗോൾകീപ്പർ മിർഷാദ് മുന്നോട്ട് കയറിവന്നു. പന്ത് കൈയിലാക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ മിർഷാദ് പിന്നോട്ട് വലിഞ്ഞു. ഈ അവസരം മുതലാക്കിയ കാറ്ററ്റാവും പന്ത് അംഗൂളോയ്ക്ക് മറിച്ചുനൽകി. അനായാസം ഫിനിഷ് ചെയ്ത് അംഗൂളോ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി.
എന്നാൽ കീഴടങ്ങാൻ നോർത്ത് ഈസ്റ്റ് തയ്യാറല്ലായിരുന്നു. 55-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടിക്കൊണ്ട് ഡെഷോൺ ബ്രൗൺ നോർത്ത് ഈസ്റ്റിന് ആശ്വാസം പകർന്നു. കോറിയറുടെ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ബ്രൗൺ അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു. 69-ാം മിനിട്ടിൽ ബിപിൻ സിങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട് മിർഷാദ് അത്ഭുതകരമായി തട്ടിയകറ്റി.
മത്സരം മുംബൈ സ്വന്തമാക്കുമെന്ന് തോന്നിച്ച സമയത്താണ് ഇടിമിന്നൽ പോലെ ബ്രൗൺ മൂന്നാം ഗോളടിച്ചത്. ഇത്തവണയും ഇമ്രാൻ ഖാനാണ് ഗോളിന് വഴിയൊരുക്കിയത്. ഇമ്രാന്റെ മനോഹരമായ പാസ് ഗോൾവലയിലേക്ക് ചെത്തിയിട്ടുകൊണ്ട് ബ്രൗൺ ടീമിനായി മൂന്നാം ഗോളടിച്ചു. ഒപ്പം ഹാട്രിക്കും തികച്ചു. ഈ സീസണിൽ ജംഷേദ്പുരിന്റെ അലക്സ് സ്റ്റ്യൂവർട്ടിന് ശേഷം ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് ബ്രൗൺ.
സ്പോർട്സ് ഡെസ്ക്