- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശപ്പോരിൽ മുംബൈയെ വീഴ്‌ത്തി ഒഡീഷ; ഒഡീഷയുടെ വിജയം രണ്ടിനെതിരെ നാലുഗോളുകൾക്ക്; വിജയഗോൾ ഉൾപ്പടെ പിറന്നത് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം
ബംബോലിം: ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്‌ത്തി ഒഡീഷ എഫ് സി. അടിയും തിരിച്ചടിയും ഒരുപോലെ കണ്ട മത്സരത്തിൽ ആദ്യം ലീഡെടുത്ത ഒഡീഷക്കെതിരെ സമനില പിടിക്കുകയും പിന്നീട് ലീഡെടുക്കുകയും ചെയ്‌തെങ്കിലും രണ്ടാം പകുതിയിലെ ഒഡീഷയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഒടുവിൽ മുംബൈ മുട്ടുമടക്കി.
രണ്ടാം പകുതിയിൽ 2-1ന് പിന്നിലായിപ്പോയ ഒഡീഷ ഏഴ് മിനിറ്റിന്റെ ഇടവേളയിൽ ജെറി മാവിഹ്‌മിങ്താങ നേടിയ ഇരട്ട ഗോളുകളുടെയും ജൊനാഥാസ് ക്രിസ്റ്റ്യന്റെയും ഗോളുകളുടെ കരുത്തിലാണ് മറികടന്നത്. ജയിച്ചെങ്കിലും 13 പോയന്റുമായി ഒഡീഷ ഏഴാം സ്ഥാനതുടരുമ്പോൾ തോറ്റിട്ടും ഒരു പോയന്റ് ലീഡിൽ ഹൈദരാബാദിന് മുന്നിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് മുംബൈ.
ജെറിയുടെ ഇരട്ടഗോളിന് പുറമെ ഒഡീഷക്കായി ആരിദായ് സുവാരസും ജൊനാഥാസ് ക്രിസ്റ്റ്യനും വലകുലുക്കിയപ്പോൾ മുംബൈക്കായി അഹമ്മദ് ജാഹോയും ഇഗോർ അംഗൂളോയും ആണ് ഗോളുകൾ നേടിയത്. കളിയുടെ തുടക്കത്തിലെ മുന്നിലെത്തിയ ഒഡീഷക്ക് ആദ്യ പകുതിയിൽ പക്ഷെ ആ മുൻതൂക്കം നിലനിർത്താനായില്ല. മൂന്നാം മിനിറ്റിൽ മുംബൈ നായകൻ മൗർത്താദാ ഫാളിന്റെ മിസ് പാസ് പിടിച്ചെടുത്ത് അരിദായ് സുവാരസ് ഒഡീഷയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത നിമിഷം മുംബൈക്ക് ഒപ്പമെത്താൻ അവസരം ലഭിച്ചെങ്കിലും ബിപിൻ സിംഗിന്റെ ക്രോസ് വലയൊഴിഞ്ഞ് പോയി.
എന്നാൽ സമനില ഗോളിനായി മുംബൈക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല. ബോക്‌സിന് പുറത്തുനിന്ന് പന്ത് പിടിച്ചെടുത്ത് അഹമ്മദ് ജോഹോ തൊടുത്ത ലോംഗ് റേഞ്ചർ ഒഡീഷ വലയിലെത്തിയതോടെ മത്സരം ആവേശകരമായി. പിന്നീട് ഇരു ടീമും മധ്യനിരയിൽ ആധിപത്യത്തിനായി പൊരുതിയതോടെ ഗോളൊഴിഞ്ഞു നിന്നു. ആദ്യ പകുതി തീരും മുമ്പ് മുംബൈ ലീഡെടുത്തു. 38-3ം മിനിറ്റിൽ അഹമ്മദ് ജോഹോയുടെ പാസിൽ നിന്ന് ഇഗോർ അംഗൂളോയാണ് മുംബൈയെ മുന്നിലെത്തിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ ഒഡീഷയുടെ പോരാട്ടം മംബൈ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. സമനില ഗോളിനായി ഒഡീഷ കൈ മെയ് മറന്നു പോരാടിയതോടെ ഏത് സമയത്തും മുംബൈ വലയിൽ പന്തെത്തുമെന്ന സ്ഥിതിയായി. ഒടുവിൽ ഒഡീഷയുടെ സമ്മർദ്ദത്തിന് 70-ാം മിനിറ്റിൽ ഫലം കണ്ടു. നന്ദകുമാർ ശേഖറിന്റെ ഹെഡ്ഡറിൽ നിന്ന് ജെറി മുംബൈ വല കുലുക്കി.
സമനില ഗോൾ വീണതോടെ വിജയഗോളിനായി ഒഡീഷയുടെ സമ്മർദ്ദം. ഒടുവിൽ 77-ാം മിനിറ്റിൽ ജൊനാഥാസ് ക്രിസ്റ്റ്യന്റെ പാസിൽ നിന്ന് ജെറി വീണ്ടും മുംബൈ വലയിൽ പന്തെത്തിച്ചതോടെ മുംബൈ പ്രതിരോധത്തിലായി. കളി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ ജൊനാഥാസ് ക്രിസ്റ്റ്യൻ തന്നെ മുംബൈയുടെ വമ്പൊടിച്ച ഒഡീഷയുടെ ജയം പൂർത്തിയായി.
സ്പോർട്സ് ഡെസ്ക്