- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് മത്സരം കഴിഞ്ഞിട്ടും സീസണിൽ ജയിക്കാതെ ഈസ്റ്റ് ബംഗാൾ; മുംബൈ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചു; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമത്
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്സിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. സമനിലയെങ്കിലും മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 10 മത്സരങ്ങളിൽ 17 പോയിന്റാണ് അവർക്കുള്ളത്. അതേസമയം ഈസ്റ്റ് ബംഗാൾ സീസണിലെ ആദ്യ ജയം ഇനിയും നേടാനായിട്ടില്ല. 10 മത്സരങ്ങളിൽ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് അവർ. ആറ് സമനിലയും നാല് തോൽവിയുമാണ് അക്കൗണ്ടിലുള്ളത്.
പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും മുംബൈക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ മുംബൈക്കായില്ല.
ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചു.
മിന്നൽ ആക്രമണം നടത്തുന്ന മുംബൈ സിറ്റിയെ സമനിലയിൽ തളച്ചതിൽ ഈസ്റ്റ് ബംഗാളിന് അഭിമാനിക്കാം. അനായാസ വിജയം പ്രതീക്ഷിച്ച് കളിക്കാനിറങ്ങിയ മുംബൈ സിറ്റിയെ വരിഞ്ഞുമുറുക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചു. ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ മിന്നൽ സേവുകളാണ് ഈസ്റ്റ് ബംഗാളിന് തുണയായത്. മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാൾ പ്രതിരോധവും സമനില നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.
അഹമ്മദ് ജാഹുവും ഇഗോർ അംഗൂളോയും ക്യാസീന്യോയും ബിപിൻ സിങ്ങുമെല്ലാം അണിനിരന്ന മുംബൈ മുന്നേറ്റനിരയെ നന്നായി തന്നെ നേരിടാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചു. പക്ഷേ ഫോം കണ്ടെത്താത്ത മുന്നേറ്റനിരയാണ് ടീമിന്റെ തലവേദന. മുംബൈയ്ക്കെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളെല്ലാം ദുർബലമായിരുന്നു.
നാളെ രണ്ട് മത്സരങ്ങാണ് ഐഎസ്എല്ലിൽ. 7.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സിയെ നേരിടും. ജയിച്ചാൽ മോഹൻ ബഗാന് 18 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറാം. ഒഡീഷയ്ക്കാണ് ജയമെങ്കിൽ രണ്ടാമതെത്താനുള്ള അവസരമുണ്ട്.
രാത്രി 9.30ന് എഫ്സി ഗോവ, ചെന്നൈയിൻ എഫ്സിയെ നേരിടും. 9 പോയിന്റുള്ള എഫ്സി ഗോവ പോയിന്റ് പട്ടികയിൽ ഒമ്പതാമതാണ്. ജയിച്ചാൽ എട്ടാം സ്ഥാനത്തേക്ക് കയറാം. ചെന്നൈയിൽ 14 പോയിന്റോടെ ആറാം സ്ഥാനത്തുണ്ട്. ജയിച്ചാൽ ആദ്യ മൂന്നിലെത്താനുള്ള അവസരവും ടീമിനുണ്ട്.
സ്പോർട്സ് ഡെസ്ക്