ഫറ്റോർഡ: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഒഡീഷ എഫ് സി. ഡാനിയേൽ ലാലിംപൂയിയയും അരിദായ് കാബ്രറയുമാണ് ഒഡീഷയുടെ ഗോളുകൾ നേടിയത്.

ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ജയത്തോടെ 16 പോയന്റുമായി ഒഡീഷ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്ത് തുടരുന്നു. സീസണിൽ ഇത് രണ്ടാം തവണയാണ് ഒഡീഷ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുന്നത്.

തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒഡീഷക്ക് തന്നെയായിരുന്നു മത്സരത്തിൽ മുൻതൂക്കം. ഒഡീഷയുടെ ആക്രമണങ്ങൾക്ക് പലപ്പോഴും അപ്രതീക്ഷിത മിന്നാലാക്രമണങ്ങളിലൂടെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ മറുപടി. ആദ്യ പകുതിയുടെ 17 മിനിറ്റിൽ അരിദായ് സുവാരസിന്റെ പാസിൽ നിന്ന് ലാലിംപൂയിയ ഒഡീഷയെ മുന്നിലെത്തിച്ചു.

നാലു മിനിറ്റിനകം ഒഡീഷ രണ്ടാം ഗോളും നോർത്ത് ഈസ്റ്റ് വലയിൽ എത്തിച്ചു. ജാവിയർ ഹെർണാണ്ടസിന്റെ പാസിൽ നിന്ന് അരിദായ് സുവാരസിന്റെ വകയായിരുന്നു ഇത്തവണ ഗോൾ. രണ്ട് ഗോൾ വീണതോടെ ഉണർന്നു കളിച്ച നോർത്ത് നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തു. 23-ാം മിനിറ്റിൽ വി പി സുഹൈറിന് ഗോൾ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗോൾ മടക്കാനുള്ള നോർത്ത് ഈസ്റ്റിന്റെ ശ്രമത്തിന് മുന്നിൽ ക്രോസ് ബാർ വില്ലനായി. 51-ാം മിനിറ്റിൽ ഹെർനൻ സന്റാനയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി. 58-ാം മിനിറ്റിൽ മുഹമ്മദ് ഇർഷാദിന്റെ ഗോൾശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.

67-ാം മിനിറ്റിൽ ലീഡുർത്താൻ ലഭിച്ച സുവർണാവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ ഒഡീഷയുടെ നന്ദകുമാർ ശേഖർ നഷ്ടമാക്കി. ഒരു തവണ നോർത്ത് ഈസ്റ്റ് ഒഡീഷ വലയിൽ പന്തെത്തിച്ചെങ്കിലും അത് ഓഫ് സൈഡായതോടെ ആശ്വാസ ഗോൾ പോലും നേടാതെയാണ് മടക്കം.