ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവയെ കീഴടക്കിയ ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.

ഇരട്ട ഗോൾ നേടിയ നയോറെം മഹേഷ് സിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. ആൽബർട്ടോ നൊഗുവേര ഗോവയുടെ ആശ്വാസ ഗോൾ നേടി. ഇതോടെ പോയന്റ് പട്ടികയിൽ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തേക്കുയർന്നു.

12 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ആറ് സമനിലയും അഞ്ച് തോൽവിയുമുള്ള ഈസ്റ്റ് ബംഗാളിന് 9 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 13 പോയന്റുള്ള ഗോവ ഒൻപതാം സ്ഥാനത്തേക്ക് വീണു.

മത്സരം തുടങ്ങി ഒൻപതാം മിനിട്ടിൽ തന്നെ മഹേഷ് സിങ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കി. എന്നാൽ 37-ാം മിനിറ്റിൽ ആൽബർട്ടോ നൊഗുവേരയിലൂടെ ഗോവ സമനില ഗോൾ നേടി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ 42-ാം മിനിറ്റിൽ വീണ്ടും ഗോളടിച്ച് മഹേഷ് സിങ് ഈസ്റ്റ് ബംഗാളിന്റെ വിജയശിൽപ്പിയായി. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഗോളടിക്കാനായില്ല.