ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ വ്യാഴാഴ്ച വൈകിട്ടു നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - എടികെ മോഹൻ ഗാൻ മത്സരം മാറ്റിവച്ചതായി അധികൃതർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യത്തിനു താരങ്ങളെ കളത്തിലിറക്കാൻ കഴിയാതെ വരുമെന്ന സാഹചര്യത്തിലാണു തീരുമാനം. വാസ്‌കോയിലെ തിലക് മൈദാൻ സ്റ്റേഡിയത്തിലാണു മത്സരം നിശ്ചയിച്ചിരുന്നത്.

'ഐഎസ്എല്ലിലെ 66ാം മത്സരം (ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ) മത്സരം മാറ്റിവച്ചിരിക്കുന്നു' ഐഎസ്എൽ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നാളത്തെ കളിക്ക് ആവശ്യമായ താരങ്ങളെ ഗ്രൗണ്ടിൽ ഇറക്കാൻ ബ്‌ളാസ്റ്റേഴ്‌സിന് സാധിക്കാത്തതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐ എസ് എല്ലിന്റെ പത്രകുറിപ്പിൽ വ്യക്തമാക്കി. ഇന്ന് നടത്തേണ്ടിയിരുന്ന കേരളാ ബ്‌ളാസ്റ്റേഴ്‌സിന്റെ പത്രസമ്മേളനവും നടന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്‌ളാസ്റ്റേഴ്‌സ് താരങ്ങളാരും പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല. 11 മത്സരങ്ങളിൽ നിന്ന് 20 പൊയിന്റുകളുമായി ബ്‌ളാസ്റ്റേഴ്‌സ് ആണ് ഇപ്പോഴും പൊയിന്റ് നിലയിൽ ഒന്നാമത്. എന്നാൽ ഭൂരിപക്ഷം താരങ്ങൾക്കും കോവിഡ് പിടിപ്പെട്ട ടീമിന്റെ തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനം നിർണായകമാണ്.

'ലീഗിലെ മെഡിക്കൽ സംഘത്തിന്റെ ഉപദേശം തേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യത്തിനു താരങ്ങളെ ഇറക്കാൻ സാധിക്കില്ലെന്നു ബോധ്യമായതോടെയാണു മത്സരം മാറ്റിവയ്ക്കുന്നത്' വാർത്താക്കുറിപ്പിൽ പറയുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ്, ജംഷഡ്പുർ ഹൈദരാബാദ് എഫ്‌സി മത്സരം കിക്കോഫിനു മണിക്കൂറുകൾക്കു മുൻപു മാറ്റിവച്ചിരുന്നു. ജംഷഡ്പുർ താരങ്ങൾക്കു കോവിഡ് ബാധിച്ചതാണു കാരണം.

അതേസമയം നേരത്തെ മാറ്റിവച്ച എ ടി കെ ബഗാനും ഒഡീഷ എഫ് സിയുമായുള്ള മത്സരം ജനുവരി 23ന് രാത്രി 9.30ന് നടക്കുമെന്ന് ഐ എസ് എൽ അറിയിച്ചു. ജനുവരി എട്ടിനായിരുന്നു ആദ്യം മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് മത്സരം മാറ്റിവയ്ക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം മത്സരമാണു മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സി മത്സരവും കോവിഡ് വ്യാപന പശ്ചാത്തലത്തെ തുടർന്നു മാറ്റിവച്ചിരുന്നു. ടീമിൽ 15 കളിക്കാരെങ്കിലും ഉണ്ടെങ്കിലേ മത്സരം നടത്താനാകൂ എന്നാണ് ഐഎസ്എൽ ചട്ടം.