വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ ആറാം തോൽവിയിലേക്ക് തള്ളിവിട്ട് ഹൈദരാബാദ് എഫ്സി ഒന്നാംസ്ഥാനത്ത്. ബെർത്തലോമ്യൂ ഒഗ്ബെച്ചെയുടെ ഹാട്രിക്കിൽ എതിരില്ലാത്ത നാല് ഗോളിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതോടെ പോയിന്റ് തൂക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഹൈദരാബാദ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു.

തിലക് മൈതാനിൽ ആദ്യപകുതിയിലെ മൂന്ന് ഗോൾ കൊണ്ടുതന്നെ മത്സരം പിടിച്ചെടുത്തു ഹൈദരാബാദ് എഫ്സി. 21-ാം മിനുറ്റിൽ സൂപ്പർതാരം ബെർത്തലോമ്യൂ ഒഗ്ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 44-ാം മിനുറ്റിൽ ഒഗ്ബെച്ചെയുടെ രണ്ടാം ഗോൾ. തൊട്ടുപിന്നാലെ അനികേത് ജാദവും വലകുലുക്കി. ഹൈദരാബാദിന് അനുകൂലമായി 3-0ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. രണ്ടാംവരവിലും തിരിച്ചുവരവിന് ഈസ്റ്റ് ബംഗാളിന് ആയുസ് ബാക്കിയുണ്ടായില്ല. 74-ാം മിനുറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കിയ ഒഗ്ബെച്ചെ ഹൈദരാബാദിന്റെ ജയമുറപ്പിച്ചു.

ജയത്തോടെ 12 കളിയിൽ ഹൈദരാബാദിന് 20 പോയിന്റ്. ഒരു മത്സരം കുറവ് കളിച്ച് ഇത്രതന്നെ പോയിന്റാണെങ്കിലും ഗോൾ ശരാശരിയുടെ കണക്കിലാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാംസ്ഥാനത്തേക്കിറങ്ങിയത്. 11 കളിയിൽ 19 പോയിന്റുള്ള ജംഷഡ്പൂർ എഫ്സിയാണ് മൂന്നാമത്. അതേസമയം സീസണിൽ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഒൻപത് പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു.