പനാജി: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന ദക്ഷിണേന്ത്യൻ ഡർബിയിൽ ചെന്നൈയിൻ എഫ്സിയെ കീഴടക്കി ബെംഗളൂരു എഫ്സി. ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളുരു വിജയിച്ചത്. ഉദാന്ത സിങ് ഇരട്ട ഗോൾ നേടിയപ്പോൾ നായകൻ സുനിൽ ഛേത്രി അസിസ്റ്റുകൾ കൊണ്ട് മത്സരം ടീമിന് അനുകൂലമാക്കി. ഒരു ഗോൾ പെനാൽറ്റിയിലൂടെ ഇമാൻ ബസാഫ നേടി.

മത്സരത്തിൽ അവസരങ്ങൾ കൃത്യമായി മുതലെടുത്ത് തുടക്കത്തിലെ ബെംഗളൂരു ലീഡെടുത്തു. 12-ാം മിനുറ്റിൽ വീണുകിട്ടിയ പെനാൽറ്റിയിലൂടെ ഇറാനിയൻ താരം ഇമാൻ ബസാഫ ബിഎഫ്സിക്ക് ലീഡ് നൽകി. ബോക്സിൽ സുനിൽ ഛേത്രിയെ എഡ്വിൻ വീഴ്‌ത്തിയതിനാണ് പെനാൽറ്റി അനുവദിച്ചത്. പിന്നാലെ 42-ാം മിനുറ്റിൽ ഛേത്രിയുടെ അസിസ്റ്റിൽ ഉദാന്ത സിങ് ലീഡ് രണ്ടാക്കി. വീണ്ടുമൊരിക്കൽ കൂടി ഛേത്രി വഴിയൊരുക്കിയപ്പോൾ 52-ാം മിനുറ്റിൽ ഉദാന്ത ഇരട്ട ഗോൾ തികച്ചു.

ജയിച്ചെങ്കിലും 13 മത്സരങ്ങളിൽ 17 പോയിന്റുമായി ബെംഗളൂരു എഫ്സി ആറാം സ്ഥാനത്താണ്. 18 പോയിന്റുള്ള ചെന്നൈയിൻ അഞ്ചാമതും. ഇന്ന് ജയിച്ചിരുന്നെങ്കിൽ ചെന്നൈയിന് തലപ്പത്ത് എത്താമായിരുന്നു. 20 പോയിന്റ് വീതമുള്ള ഹൈദരാബാദും കേരള ബ്ലാസ്റ്റേഴ്സും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലും ഒരു പോയിന്റ് മാത്രം പിന്നിലായി ജംഷഡ്പൂർ എഫ്സി മൂന്നാമതും തുടരുകയാണ്.