മഡ്ഗാവ്: ഐഎസ്എല്ലിൽ വ്യാഴാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ തകർത്ത് ഹൈദരാബാദ് എഫ്സി. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ആദ്യ പകുതിയിൽ ഒഡിഷയോട് ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ തിരിച്ചുവരവ്. രണ്ടാംപകുതിയിൽ നാലുഗോളുകളാണ് പിറന്നത്.

ജയത്തോടെ ഹൈദരാബാദ് 13 കളികളിൽ 23 പോയന്റുമായി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോൾ ജയിച്ചിരുന്നെങ്കിൽ ആദ്യ മുന്നിലെത്താമായിരുന്ന ഒഡിഷ 17 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. ജയത്തോടെ ഒന്നാം സ്ഥാനത്ത് മൂന്ന് പോയന്റിന്റെ ലീഡെടുക്കാനും ഹൈദരാബാദിനായി. ജോയൽ കിയാനിസെ, ജാവോ വിക്ടർ, ആകാശ മിശ്ര എന്നിവരാണ് ഹൈദരാബാദിനായി സ്‌കോർ ചെയ്തത്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജെറി മാവിങ്താങയുടെ ഗോളിൽ മുന്നിലെത്തിയ ഒഡിഷയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോയൽ ചിയാൻസെയുടെ ഗോളിലാണ് ഹൈദരാബാദ് സമനിലയിൽ പിടിച്ചത്.

എഴുപതാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിന് ലീഡ് സമ്മാനിച്ച് രണ്ടാം ഗോൾ നേടി. തൊട്ടുപിന്നാലെ ആകാശ് മിശ്ര ഹൈദരാബാദിന്റെ വിജയമുറപ്പിച്ച് മൂന്നാം ഗോളും ഒഡിഷ വലയിലെത്തിച്ചു. എന്നാൽ 84-ാം മിനിറ്റിൽ ജോനാഥാസ് ജീസസിലൂടെ ഒറു ഗോൾ കൂടി മടക്കി ഒഡിഷ മത്സരം ആവേശകരമാക്കിയെങ്കിലും സമനില ഗോൾ മാത്രം കണ്ടെത്താൻ അവർക്കായില്ല.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. നന്ദകുമാർ ശേഖറിന്റെ പാസിൽ നിന്ന് ജെറി ഒഡിഷയെ മുന്നിലെത്തിച്ചു. ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. കട്ടിമണിയിൽ നിന്ന് പന്ത് ലഭിച്ച നന്ദകുമാറിന്റെ സമയം പാഴാക്കാതെയുള്ള മുന്നേറ്റം ജെറിയുടെ ഗോളിൽ കലാശിക്കുകയായിരുന്നു.

തുടർന്ന് 51-ാം മിനിറ്റിൽ ജോയൽ കിയാനിസെയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. കൗണ്ടർ അറ്റാക്കിനൊടുവിൽ അകാശ് മിശ്ര നൽകിയ ക്രോസ് കിയാനിസെ വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 70-ാം മിനിറ്റിൽ ജാവോ വിക്ടറിലൂടെ ഹൈദരാബാദ് ലീഡുയർത്തി. ആശിശ് റായ് നീട്ടിയ പന്ത് ഒഡിഷ ഗോളിക്ക് യാതൊരു അവസരവും നൽകാതെ വിക്ടർ ബുള്ളറ്റ് കണക്കെ വലയിലെത്തിക്കുകയായിരുന്നു.

മൂന്ന് മിനിറ്റിനകം ആകാശ മിശ്രയിലൂടെ ഹൈദരാബാദ് മൂന്നാം ഗോളും കണ്ടെത്തി. യാസിർ മുഹമ്മദിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. എന്നാൽ വിട്ടുകൊടുക്കാൻ ഒഡിഷ ഒരുക്കമായിരുന്നില്ല. 84-ാം മിനിറ്റിൽ ജൊനാഥാസ് ക്രിസ്റ്റിയനിലുടെ ഒഡിഷ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. റെഡീം തലാങ്ങിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. സമനില ഗോളിനായി ഒഡിഷ പൊരുതിയെങ്കിലും ഹൈദരാബാദ് പ്രതിരോധിച്ചതോടെ ടീമിന്റെ പ്രതീക്ഷ മങ്ങി.