ബാംബോലിം: ഐഎസ്എല്ലിൽ എഫ് സി ഗോവയെ കീഴടക്കി ജംഷഡ്പൂർ എഫ്സി. ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുർ മറികടന്നത്. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഡാനിയേൽ ചിമ ചുക്വു ആണ് രണ്ടാം പകുതിയിൽ ജംഷഡ്പൂരിന്റെ വിജയ ഗോൾ നേടിയത്. ലാൽഡിൻലിയാന റെന്ത്ലെയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

ജയത്തോടെ 12 മത്സരങ്ങളിൽ 22 പോയന്റുമായി ജംഷഡ്പൂർ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനെ മൂന്നാം സ്ഥാനത്തേക്ക്(20) പിന്തള്ളിയാണ് ജംഷഡ്പൂർ ഹൈദരാബാദിന് പിന്നിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. തോൽവിയോടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി നേരിട്ട ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

നിർഭാഗ്യമാണ് മത്സരത്തിൽ ഗോവയെ തോൽവിയിലേക്ക് നയിച്ചത്. നാലു തവണ എഫ് സി ഗോവയുടെ നാലു ഷോട്ടുകൾ ജംഷഡ്പൂരിന്റെ ക്രോസ് ബാറിൽ തട്ടി മടങ്ങി. ഗോളിലേക്ക് ഏറ്റവും കൂടുതൽ തവണ ലക്ഷ്യംവെച്ചതും ഗോവയായിരുന്നു. 28-ാം മിനിറ്റിൽ ഗോളെന്നുറച്ച ഗോവയുടെ ഇവാൻ ഗോൺസാലോസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി. 37-ാം മിനിറ്റിലാണ് ജംഷഡ്പൂരിന് അനുകൂലമായി ആദ്യ കോർണർ ലഭിച്ചത്. ആദ്യ പകുതിയിൽ പൂർണമായും എഫ് സി ഗോവയുടെ ആക്രണവും ജംഷഡ്പൂരിന്റെ പ്രതിരോധവുമായി കണ്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ജംഷഡ്പൂർ മുന്നിലെത്തി. 49-ാം മിനിറ്റിൽ ലാൽഡിയാലിയാനയുടെ ക്രോസിൽ നിന്ന് അരങ്ങേറ്റക്കാരൻ ചുക്വു ആണ് ജംഷഡ്ഫൂരിന് ലീഡ് സമ്മാനിച്ചത്. 63-ാം മിനിറ്റിൽ ഫ്രീ കിക്കിൽ എഡു ബെഡിയ തൊടുത്ത ഷോട്ട് അൻവർ അലിയുടെ കാലിൽ തട്ടി വീണ്ടും ക്രോസ് ബാറിൽ തട്ടി മടങ്ങി. സമനില ഗോളിനായി ഗോവ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 81-ാം മിനിറ്റിൽ ഐറാം കാർബ്രയുടെ ഷോട്ടിന് മുന്നിലും ക്രോസ് ബാർ വില്ലനായി.