- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
61 ാം മിനുട്ടിൽ പകരക്കാരനായിറങ്ങി ഹാട്രിക്കുമായി കിയാൻ; കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് എടികെ; ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്; ജയത്തോടെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി എടികെ
ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്ന് നടന്ന കൊൽക്കത്ത ഡർബിയിൽ എടികെ മോഹൻ ബഗാന് ജയം. 61-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ഹാട്രിക്ക് നേടിയ കിയാൻ നസീരിയുടെ മികവിലാണ് എടികെ ജയം പിടിച്ചത്.
ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് എടികെ തകർത്തത്. മുൻ ഈസ്റ്റ് ബംഗാൾ താരമായിരുന്ന ജാംഷിദ് നസീരിയുടെ മകനാണ് കിയാൻ നസീരി.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്.
56-ാം മിനിറ്റിൽ ഡാരൻ സിഡോയലിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം സ്‌കോർ ചെയ്തത്. അന്റോണിയോ പെരോസെവിച്ചെടുത്ത കോർണർ മികച്ചൊരു ഷോട്ടിലൂടെ സിഡോയൽ വലയിലെത്തിക്കുകയായിരുന്നു.
64-ാം മിനിറ്റിൽ കിയാൻ നസീരിയിലൂടെ മോഹൻ ബഗാൻ സമനില പിടിച്ചു. 61-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരത്തിന്റെ മത്സരത്തിലെ ആദ്യ ടച്ച് കൂടിയായിരുന്നു ഇത്. അത് തന്നെ ഗോളിൽ കലാശിച്ചു. ലിസ്റ്റൻ കൊളാസോയുടെ ക്രോസ് സൗരവ് ദാസ് തടഞ്ഞപ്പോൾ പന്ത് ലഭിച്ച കിയാൻ സമയമൊട്ടും പാഴാക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ ഇൻജുറി ടൈമിൽ രണ്ടു ഗോളുകൾ കൂടി നേടിയ കിയാൻ മോഹൻ ബഗാന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 19 പോയന്റുമായി എടികെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി.
സ്പോർട്സ് ഡെസ്ക്