- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുമായി ഓഗ്ബെച്ചെ; നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ്; പതിനാല് മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി ഒന്നാമത്
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ് എഫ്സി ഒന്നാംസ്ഥാനത്ത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകർത്തത്. ബർതൊളോമ്യു ഒഗ്ബെച്ചേ ഇരട്ട ഗോൾ നേടി. ആകാശ് മിശ്ര, നിഖിൽ പൂജാരി, എഡു ഗാർസിയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.
ആദ്യ പകുതിയിൽ രണ്ട് ഗോൾ പിറന്നു. മൂന്നാം മിനിറ്റിൽ ഒഗ്ബെച്ചേ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയം ആകാശ് ലീഡ് രണ്ടാക്കി ഉയർത്തി. 60-ാം മിനിറ്റിൽ വീണ്ടും ഒഗ്ബെച്ചേ. ഇതോടെ നോർത്ത് ഈസ്റ്റ് തോൽവി സമ്മതിച്ചു. 84-ാം മിനിറ്റിൽ പൂജാരി നാലാമതും വല കുലുക്കി. എട്ടാം മിനിറ്റിൽ ഗാർസിയ അവസാന ആണിയും അടിച്ചു.
ജയത്തോടെ ഹൈദരബാദിന് 14 മത്സരങ്ങളിൽ 26 പോയിന്റായി. 12 മത്സരങ്ങളിൽ 22 പോയിന്റുള്ള ജംഷഡ്പൂർ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളിൽ 20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. 15 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈ്സറ്റിന് 10 പോയിന്റ് മാത്രമാണുള്ളത്. 10 സ്ഥാനത്താണ് അവർ. ആദ്യ പാദ മത്സരത്തിലും ഹൈദരാബാദ് നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തിയിരുന്നു.
കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഒഗ്ബെച്ചെ ഹൈദരാബാദിനായി ലീഡെടുത്തു. ജാവോ വിക്ടറിന്റെ ഹെഡ്ഡർ നോർത്ത് ഈസ്റ്റ് പോസ്റ്റിലിടിച്ച് തെറിച്ചു. തക്കം പാർത്തിരുന്ന ഓഗ്ബെച്ചെ കൃത്യമായി പന്ത് പിടിച്ചടക്കി തികഞ്ഞ മെയ്വഴക്കത്തോടെ ലക്ഷ്യം കണ്ടു.
ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ആകാശ് മിശ്ര ഹൈദരാബാദിനായി രണ്ടാം ഗോൾ നേടി. ജോയൽ ചിയാനീസിന്റെ കോർണർ കിക്കിന് കൃത്യമായി തലവച്ചാണ് മിശ്ര ഗോളടിച്ചത്. ആദ്യ പകുതിയിൽ ഹൈദരാബാദ് 2-0 ന് മുന്നിൽ നിന്നു.
രണ്ടാം പകുതിയിലും ഹൈദരാബാദ് ആക്രമിച്ച് കളിച്ചതോടെ നോർത്ത് ഈസ്റ്റ് പതറി. 60-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ട ഓഗ്ബെച്ചെ ടീമിനായി മൂന്നാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും തികച്ചു. ഈ ഗോളോടെ ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം എന്ന റെക്കോഡ് ഓഗ്ബെച്ചെ സ്വന്തമാക്കി. വിവിധ ടീമുകൾക്ക് വേണ്ടി 49 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
83-ാം മിനിറ്റിൽ നിഖിൽ പൂജാരി ഹൈദരാബാദിനായി നാലാം ഗോളടിച്ചു. നിഖിലിന്റെ തകർപ്പൻ ലോങ്റേഞ്ചർ സെക്കൻഡ് പോസ്റ്റിലേക്ക് കുതിച്ചു. ഇത് കണ്ടുനിൽക്കാനേ ഗോൾകീപ്പർ ശുഭാശിഷ് റോയിക്ക് സാധിച്ചുള്ളൂ.
പിന്നാലെ 88-ാം മിനിറ്റിൽ പകരക്കാരനായി വന്ന എഡു ഗാർഷ്യയും ഗോളടിച്ചു. ഹാവിയർ സിവേറിയോ മുന്നോട്ട് നൽകിയ പാസ് സ്വീകരിച്ച ഗാർഷ്യ ഗോൾകീപ്പറിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ഗോൾനേട്ടം ആഘോഷിച്ചു.
ഐഎസ്എല്ലിൽ നാളെ എഫ്സി ഗോവ, ഒഡീഷ എഫ്സിയെ നേരിടും. ഒഡീഷ ജയിച്ചാൽ ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. 13 മത്സരങ്ങളിൽ 17 പോയിന്റാണ് അവർക്കുള്ളത്. നിലവിൽ എട്ടാം സ്ഥാനത്താണ്. ഗോവ ഒമ്പതാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ 14 പോയിന്റാണ് അവർക്കുള്ളത്.
സ്പോർട്സ് ഡെസ്ക്