ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സി- എഫ്സി ഗോവ മത്സരം സമനിലയിൽ കലാശിച്ചു. ഇരുവരും ഓരോ ഗോൾ വീതം നേടി. ഒഡീഷ ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇഞ്ചുറി സമയത്ത് ഗോവ സമനില ഗോൾ കണ്ടെത്തി. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സിയെ നേരിടും.

ജോനതാസ് ഡി ജീസസിന്റെ ഗോളിലൂടെ ഒഡീഷ് മുന്നിലെത്തി. എന്നാൽ അലക്സാണ്ടർ റൊമാരിയോ ജെസുരാജ് ഗോവയ്ക്കായി സമനില ഗോൾ കണ്ടെത്തി. 14 മത്സരങ്ങളിൽ 18 പോയിന്റാണ് ഗോവയ്ക്കുള്ളത്. ഏഴാം സ്ഥാനത്താണ് അവർ. ഗോവ ഒമ്പതാം സ്ഥാത്താണ്. 15 മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റാണ് അവർക്കുള്ളത്.

ഗോവയുടെ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം. പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും ഗോവ മികച്ചുനിന്നു. ഗോവ തൊടുത്ത 24 ഷോട്ടുകളിൽ ഏഴ് ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ ഒരിക്കൽ മാത്രമാണ് പന്ത് ഗോൾവര കടന്നത്. ഒഡീഷ 11 ഷോട്ടുകൾ പായിച്ചു. എന്നാൽ ഗോൾരഹിതമായിരുന്നു ആദ്യ പകുതി.

61-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലുൂടെ ഓഡീഷ മുന്നിലെത്തി. കിക്കെടുത്ത ജോനതാസ് അനായാസം പന്ത് വലയിലെത്തിച്ചു. മത്സരം ഒഡീഷ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ റൊമാരിയോയുടെ ഗോൾ ഗോവയ്ക്ക് ഒരു പോയിന്റ് സമ്മാനിച്ചു.