തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിയെ സമനിലയിൽ തളച്ച് എസ്.സി.ഈസ്റ്റ് ബംഗാൾ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറിടൈമിന്റെ ആദ്യ മിനുറ്റിൽ ഹെഡറിലൂടെ ഗോൾ കണ്ടെത്തിയ ലാൽറിൻലിയാന നംതെയാണ് ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത സമനില നേടിക്കൊടുത്തത്.

ചെന്നൈയിനായി നിൻതോയിംഗാൻബ മീഠേ ലക്ഷ്യം കണ്ടപ്പോൾ ഹീര മോണ്ടാലിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ഡാരൻ സിഡോയലും ലാൽറിൻലിയാന നംതെയും ഗോളടിച്ചു.

ഈ സമനിലയോടെ ചെന്നൈയിൻ എഫ്.സി 14 മത്സരങ്ങളിൽ നിന്ന് 19 പോയന്റുമായി പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുന്നു. 15 മത്സരങ്ങളിൽ നിന്ന് 10 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ പോയന്റ് പട്ടികയിൽ 10-ാം സ്ഥാനത്താണ്.

തിലക് മൈതാനിൽ നാടകീയമായിരുന്നു മത്സരത്തിന്റെ തുടക്കം. കിക്കോഫായി രണ്ടാം മിനുറ്റിൽ തന്നെ ഹിറാ മോണ്ടലിന്റെ ഓൺഗോൾ ചെന്നൈയിനെ മുന്നിലെത്തിച്ചു. 14-ാം മിനുറ്റിൽ നിന്തോയിയുടെ ഗംഭീര ഷോട്ട് ലീഡ് രണ്ടായുയർത്തി. ബോക്സിനെ തൊട്ടരികെ വച്ച് മോണ്ടലിന്റെ മിസ് പാസിൽ നിന്നാണ് ഇക്കുറി ഗോളിലേക്ക് വഴിയൊരുങ്ങിയത്. ഇതോടെ ചെന്നൈയിന് 2-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

എന്നാൽ രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ തകർപ്പൻ ഫോമിൽ കളിക്കാൻ തുടങ്ങിയതോടെ മത്സരത്തിന്റെ ഗതിമാറി. അതിന്റെ ഭാഗമായി 61-ാം മിനിറ്റിൽ ഡാരൻ സിഡോയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി. മത്സരം ചെന്നൈയിൻ സ്വന്തമാക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി നംതെ അവതരിച്ചത്. ഇൻജുറി ടൈമിൽ ഗോളടിച്ച് നംതെ വിജയത്തോളം പോന്ന സമനില ഈസ്റ്റ് ബംഗാളിന് സമ്മാനിച്ചു. വിജയമുറപ്പിച്ച ചെന്നൈയിന് വലിയ തിരിച്ചടിയാണി ഈ ഗോൾ സമ്മാനിച്ചത്.