- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫ് ഗോൾ വിധിയെഴുതി; തുല്യശക്തികളുടെ പോരാട്ടത്തിൽ സമനില തെറ്റാതെ മുംബൈയും മോഹൻ ബഗാനും; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം
മഡ്ഗാവ്: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സി-എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി. എടികെയ്ക്കായി ഡേവിഡ് വില്യംസാണ് ലക്ഷ്യം കണ്ടതെങ്കിൽ പ്രീതം കോട്ടാലിന്റെ ഓൺ ഗോളാണ് മുംബൈക്ക് സമനില സമ്മാനിച്ചത്.
ഒൻപതാം മിനുറ്റിൽ ഡേവിഡ് വില്യംസ് എടികെയ്ക്ക് ലീഡ് സമ്മാനിച്ചു. അഹമ്മദ് ജാഹൂവിന്റെ വീഴ്ചയിൽ നിന്നായിരുന്നു ഗോളിലേക്ക് വഴിതുറന്നത്. പ്ലേമേക്കർ ഹ്യൂഗോ ബൗമസിന്റെ പാസിൽ നിന്നാണ് താരം വലകുലുക്കിയത്.
24-ാം മിനിറ്റിൽ മുംബൈ സിറ്റി സമനില ഗോൾ നേടി. പ്രീതം കോട്ടാലിന്റെ സെൽഫ് ഗോളാണ് മുംബൈയ്ക്ക് സമനില സമ്മാനിച്ചത്. താരത്തിന്റെ ഹെഡ്ഡർ അബദ്ധ വശാൽ സ്വന്തം വലയിൽ കയറുകയായിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ പിന്നാലെ ലഭിച്ചെങ്കിലും മുതലാക്കാൻ കഴിയാതെപോയി.
കഴിഞ്ഞ സീസണിലെ ഫൈനലിന് സമാനമായ മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സമനിലയോടെ മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ 13 മത്സരങ്ങളിൽ നിന്ന് 19 പോയന്റുമായി ആറാമതാണ്. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടിയെടുക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.
14 കളിയിൽ 26 പോയിന്റുമായി ഹൈദരാബാദ് എഫ്സി ഒന്നും 12 വീതം മത്സരങ്ങളിൽ 22 പോയിന്റുമായി ജംഷഡ്പൂർ എഫ്സി രണ്ടും 20 പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
സ്പോർട്സ് ഡെസ്ക്