- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ഹാഫിൽ നിന്നുള്ള മുഴുനീള വോളി വലയിൽ; ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി വാസ്‌ക്വസ്; പത്തു പേരായി ചുരുങ്ങിയിട്ടും വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സ്; 23 പോയിന്റുമായി മഞ്ഞപ്പട രണ്ടാമത്
മഡ്ഗാവ്: ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി വിസ്മയിപ്പിച്ച സ്പാനിഷ് താരം അൽവാരോ വാസ്‌ക്വസിന്റെ മികവിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
70-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്. ജയത്തോടെ പോയന്റ് പട്ടികിൽ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം ഹോർഹെ പെരേര ഡയസ് (62), അൽവാരോ വാസ്‌ക്വസ് (82) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് ഇർഷാദ് നേടി.
70ാം മിനിറ്റിൽ ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തുപോയ ശേഷമായിരുന്നു വാസ്‌ക്വസിന്റെ മിന്നും ഗോൾ. അധികാരി പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് പതറിക്കളിക്കുന്ന സമയത്തായിരുന്നു സ്വന്തം ഹാഫിൽനിന്നുള്ള മുഴുനീള വോളിയിലൂടെ വാസ്‌ക്വസ് ലക്ഷ്യം കണ്ടത്. സ്വന്തം പകുതിയിൽ പന്തു സ്വീകരിച്ച വാസ്‌ക്വസ് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സുഭാശിഷ് ചൗധരി മുന്നോട്ടു കയറി നിൽക്കുന്നത് കണ്ട് തൊടുത്ത മുഴുനീളൻ ഷോട്ടാണ് വലയിൽ കയറിയത്. സുഭാശിഷ് പന്ത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സാധാരണ കളം നിറഞ്ഞ് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയല്ല ആദ്യ പകുതിയിൽ കണ്ടത്. കോവിഡ് ബാധ താരങ്ങളെ ബുദ്ധിമുട്ടിച്ചു എന്നതിന് തെളിവായിരുന്നു ആദ്യ പകുതി. നോർത്ത് ഈസ്റ്റായിരുന്നു ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചത്. ഒടുവിൽ 62-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ വന്നത്. നിഷു കുമാർ ബോക്സിലേക്ക് നീട്ടിയ പന്ത് ഹർമൻജോത് ഖബ്ര ഡിയാസിന് മറിച്ച് നൽകി. ഉഗ്രനൊരു ഹെഡറിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി 70-ാം മിനിറ്റിൽ ആയുഷ് അധികാരിക്ക് റഫറി മാർച്ചിങ് ഓർഡർ നൽകി. സീസണിൽ ആദ്യമായി 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് പക്ഷേ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. വാസ്‌ക്വസ് നേടിയ മിന്നും ഗോളിലൂടെ ബ്ലാസ്‌റ്റേഴ് ജയം ഉറപ്പിച്ചു. ഒടുവിൽ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ ഹെർനൻ സന്റാനയുടെ പാസിൽ നിന്ന് മുഹമ്മദ് ഇർഷാദ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
വിജയത്തോടെ 13 കളികളിൽനിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കയറി. മുന്നിലുള്ളത് ബ്ലാസ്റ്റേഴ്‌സിനേക്കാൾ ഒരു കളി കൂടുതൽ കളിച്ച ഹൈദരാബാദ് എഫ്‌സി മാതമാണ്. 14 കളികളിൽനിന്ന് ഹൈദരാബാദിന് 26 പോയിന്റാണുള്ളത്. സീസണിലെ 10ാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്ത് തുടരുന്നു.
സ്പോർട്സ് ഡെസ്ക്