പനാജി: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് ഒഡിഷ എഫ്സി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഗോവ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജൊനാഥസ് ഡി ജീസസും ജാവിയർ ഹെർണാണ്ടസും ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു. അന്റോണിയോ പെരൊസേവിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയത്.

മത്സരം തുടങ്ങി 23-ാം മിനിറ്റിൽ ജൊനാഥസിലൂടെ ഒഡിഷ ലീഡെടുത്തു. എന്നാൽ 64-ാം മിനിറ്റിൽ പെരൊസേവിച്ചിലൂടെ ഈസ്റ്റ് ബംഗാൾ ഒപ്പം പിടിച്ചു. 75-ാം മിനിറ്റിൽ ഹെർണാണ്ടസ് ഒഡിഷയുടെ വിജയഗോൾ കണ്ടെത്തി.

വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിന്റുമായി ആറാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഈസ്റ്റ് ബംഗാളിന് പത്താം സ്ഥാനം മാത്രമാണുള്ളത്.

14 കളിയിൽ 26 പോയിന്റുമായി ഹൈദരാബാദ് ഒന്നും ഒരു മത്സരം കുറവ് കളിച്ച് കേരള ബ്ലാസ്റ്റേഴ്സ് 23 പോയിന്റുമായി രണ്ടും 15 മത്സരങ്ങളിൽ 23 പോയിന്റോടെ ബെംഗളൂരു എഫ്സി മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.