ബംബോലിം: ഐഎസ്എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി എടികെ മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്തി. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ലിസ്റ്റൺ കൊളാക്കോയും മൻവീർ സിംഗും എടികെക്കായി ഗോളുകൾ നേടിയപ്പോൾ ജോയൽ ചിയാൻസെയുടെ വകയായിരുന്നു ഹൈദരാബാദിന്റെ ആശ്വാസഗോൾ.

ജയത്തോടെ 13 മത്സരങ്ങളിൽ 23 പോയന്റുമായി എടികെ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ തോറ്റെങ്കിലും 15 മത്സരങ്ങളിൽ 26 പോയന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിനും ബെംഗലൂരു എഫ് സിക്കും എടികെക്കും 23 പോയന്റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്‌സും എടികെയും ബെംഗലൂരുവിനെക്കാൾ രണ്ട് മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യമുണ്ട്.

തുടർച്ചയായ നാലാം ജയം തേടിയിറങ്ങിയ ഹൈദരാബാദിനെ ആദ്യ പകുതിയിൽ എടികെ ഗോളടിക്കാൻ അനുവദിക്കാതെ വരിഞ്ഞുകെട്ടി. എന്നാൽ രണ്ടാം പകുതിയുടെ 56-ാം മിനിറ്റിൽ ലിസ്റ്റൺ കൊളാക്കോയിലൂടെ മുന്നിലെത്തിയ എടികെ മൂന്ന് മിനിറ്റിനകം മൻവീർ സിംഗിലൂടെ ലീഡുയർത്തി. 67-ാം മിനിറ്റിൽ ജോയൽ ചിയാൻസെയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോളിനായുള്ള ഹൈദരാബാദിന്റെ ശ്രമങ്ങൾ എടികെ പ്രതിരോധത്തിൽ തട്ടിത്തകർന്നു.

രണ്ടാം പകുതിയിൽ 85-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടാൻ ലഭിച്ച സുവർണാവസരം ലിസ്റ്റൺ കൊളാക്കോ നഷ്ടമാക്കിയില്ലായിരുന്നെങ്കിൽ എടികെയുടെ വിജയം കൂടുതൽ ആധികാരികമാവുമായിരുന്നു. 77ാം മിനിറ്റിൽ എടികെ ഗോളി അമ്രീന്ദർ സിങ് മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം ഹൈദരാബാദിന്റെ രോഹിത് ദാനു നഷ്ടമാക്കിയത് അവർക്ക് തിരിച്ചടിയായി.