പനാജി: ഐഎസ്എല്ലിൽ കരുത്തരായ ബംഗളൂരു എഫ്‌സിയെ തകർത്ത് ഹൈദരാബാദ് എഫ്‌സി. ജയത്തോടെ പ്ലേയോഫിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരവും അവർ സജീവമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വലയിലാക്കി ഹൈദരാബാദ് കളിയിൽ മുൻതൂക്കം നേടി. 16ാം മിനിറ്റിൽ ജാവിയർ സിവെറിയോയും 30ാം മിനിറ്റിൽ ജാവോ വിക്ടറുമാണ് ഹൈദരാബാദിന്റെ ഗോളുകൾ നേടിയത്.

87ാം മിനിറ്റിൽ ബംഗളൂരു ആശ്വാസ ഗോൾ നേടി. സുനിൽ ഛേത്രിയാണ് വല ചലിപ്പിച്ചത്. ഐഎസ്എല്ലിൽ ഛേത്രിയുടെ 50ാം ഗോളായിരുന്നു ഇത്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഇതോടെ ഛേത്രി മാറി. മുൻ ബ്ലാസ്റ്റേഴ്‌സ് താരം ബർതലോമ്യു ഒഗ്ബച്ചയെ മറികടന്നാണ് ഛേത്രി റെക്കോർഡിട്ടത്.

സമനില ഗോളിനായി ബംഗളൂരു ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം ഉറച്ചു നിന്നതോടെ ആ മോഹം പൊലിഞ്ഞു.ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 23 പോയിന്റുള്ള ബംഗളൂരു മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.