ബംബോലിം: ഐഎസ്എല്ലിൽ നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. കരുത്തരായി ബംഗാൾ പടയ്‌ക്കെതിരെ ഒറ്റ ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ കോർണറിൽ നിന്ന് എനെസ് സിപോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കിയത്.

ജയത്തോടെ മഞ്ഞപ്പട പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആറാം സ്ഥാനത്ത് നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. 15 കളിയിൽ 26 പോയിന്റുമായാണ് മഞ്ഞപ്പട മൂന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഏഴ് ജയം നേടുന്നത്. ഒപ്പം 2017-18 സീസണിലെ 25 പോയിന്റിന്റെ റെക്കോർഡും പഴങ്കഥയായി.

ആദ്യ പകുതിൽ പന്തടക്കത്തിലും പാസിംഗിലും ആധിപത്യം പുലർത്തിയിട്ടും വലകുലുക്കാൻ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരക്കായിരുന്നില്ല. ഈസ്റ്റ് ബംഗാളിന്റെ മികച്ച പ്രതിരോധവും ഫിനിഷിംഗിലെ പോരായ്മയുമാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിച്ചത്. ആദ്യ മിനിറ്റുകളിൽ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണങ്ങൾ നയിച്ചത്.

കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നേറ്റത്തിനൊടുവിൽ ബ്ലാസ്റ്റേഴ്‌സ് കോർണർ വഴങ്ങി. വലതു വിംഗിലൂടെ ആക്രമണങ്ങൾ നെയ്യാനായിരുന്നു ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനെ അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അഡ്രിയാൻ ലൂണ എടുത്ത കിക്ക് പുറത്തേക്ക് പോയി. ആദ്യ പത്ത് മിനിറ്റിൽ ഇരു ടീമിൽ നിന്നും കാര്യമായ ഗോൾ ശ്രമങ്ങളൊന്നും ഉണ്ടായില്ല.

പതിമൂന്നാം മിനിറ്റിൽ ലൂണയുടെ മൂന്നേറ്റത്തിനൊടുവിൽ ലഭിച്ച പാസിൽ ഗോളിലേക്ക് ലക്ഷ്യംവെച്ച പ്യൂട്ടിയക്ക് പിഴച്ചു. തൊട്ടുപിന്നാലെ പ്രത്യാക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സ് വീമ്ടും കോർണർ വഴങ്ങി. പതിനേഴാം മിനിറ്റിൽ ലൂണയുടെ പാസിൽ വാസ്‌ക്വസിന്റെ ഹെഡ്ഡർ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ ശങ്കർ റോയ് അനായാസം കൈയിലൊതുക്കി. 29-ാം മിനിറ്റിൽ ബോക്‌സിനകത്തു നിന്ന് സഹലിന്റെ ഗോൾ ശ്രമവും ലക്ഷ്യം കണ്ടില്ല.

ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ അന്റോണിയോ പെർസോവിച്ച് ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് അപായമണി മുഴക്കിയെങ്കിലും ഗോളിലേക്കുള്ള വഴിതുറക്കാൻ അവർക്കായില്ല. എന്നാൽ ആദ്യ പകുതിയിലെ ആധിപത്യം നിലനിർത്തി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് വലകുലുക്കിയതോടെ ഈസ്റ്റ് ബംഗാളിന്റെ കഥ കഴിഞ്ഞിരുന്നു.

15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 17 മത്സരങ്ങളിൽ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുമാണ്.