- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻവീർ സിങ്ങിന് ഇരട്ട ഗോൾ; ഗോവയെ കീഴടക്കി മോഹൻ ബഗാൻ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്; 29 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്ത്
ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് എടികെ മോഹൻ ബഗാൻ. മൻവീർ സിങ് ഇരട്ട ഗോളുമായി തിളങ്ങി മത്സരത്തിൽ ഗോവയെ കീഴടക്കിയാണ് മൂന്നേറിയത്. മൂന്നാം മിനിറ്റിലും 46-ാം മിനിറ്റിലും മൻവീർ സിങ് ലക്ഷ്യംകണ്ടു.
ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയ മോഹൻ ബഗാൻ 15 മത്സരങ്ങളിൽനിന്ന് 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദാണ് ഒന്നാമത്. 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.
നാല് ഷോട്ടുകളുതിർത്തപ്പോൾ നിർഭാഗ്യത്തിനാണ് മൻവീറിന് ഹാട്രിക് നഷ്ടമായത്. മൻവീറാണ് ഹീറോ ഓഫ് ദ് മാച്ച്. മൻവീർ സിംഗിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് എടികെ മോഹൻ ബഗാൻ കളത്തിലിറങ്ങിയത്. ഓർട്ടിസിനെ സ്ട്രൈക്കറാക്കി എഫ്സി ഗോവയും 4-2-3-1 ശൈലി സ്വീകരിച്ചു. ജിഎംസി സ്റ്റേഡിയത്തിൽ കിക്കോഫായി മൂന്നാം മിനുറ്റിൽ തന്നെ മൻവീർ എടികെയെ മുന്നിലെത്തിച്ചു. ലിസ്റ്റൺ കൊളാക്കോയുടേതായിരുന്നു അസിസ്റ്റ്. ലിസ്റ്റണിന്റെ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു മൻവീർ.
24-ാം മിനുറ്റിൽ എടികെ മിഡ്ഫീൽഡർ ദീപക് താങ്രി മഞ്ഞക്കാർഡ് കണ്ടു. പിന്നാലെ ഗോവയ്ക്ക് സുവർണാവസരങ്ങൾ കിട്ടിയെങ്കിലും ഓർട്ടിസിന് വലയിലെത്തിക്കാനായില്ല. 34-ാം മിനുറ്റിൽ അൻവർ അലിയുടെ തകർപ്പൻ ഷോട്ട് അമരീന്ദർ രക്ഷപ്പെടുത്തി. പിന്നാലെ മൈതാനത്തെ ഫ്‌ളഡ്ലൈറ്റ് കളി അൽപമൊന്ന് രസംകൊല്ലിയാക്കി. ആദ്യപകുതി എടികെയുടെ ലീഡോടെ അവസാനിച്ചപ്പോൾ രണ്ടാംപകുതിയുടെ തുടക്കവും കേങ്കേമമായി.
രണ്ടാംപകുതിയിലും തുടക്കത്തിൽ തന്നെ മൻവീർ ഗോൾ പേരിലാക്കി. രണ്ടാംപകുതിയാരംഭിച്ച് 14-ാം സെക്കൻഡിൽ റോഡ്രിഗസിന്റെ അസിസ്റ്റിൽ മൻവീർ ലക്ഷ്യം കാണുകയായിരുന്നു. തൊട്ടുപിന്നാലെ ഹാട്രിക് തികയ്ക്കാൻ മൻവീറിന് സുവർണാവസരം ലഭിച്ചെങ്കിലും ധീരജിന്റെ ജാഗ്രത ഗോവയുടെ രക്ഷയ്ക്കെത്തി. പിന്നാലെ ഗോവൻ മധ്യനിരതാരം ഗ്ലാൻ മാർട്ടിനസ് മഞ്ഞക്കാർഡ് കണ്ടു. മൻവീർ സിങ് ഹാട്രിക് തികയ്ക്കുമോ എന്നതിൽ മാത്രമായി പിന്നീടുള്ള ആകാംക്ഷയെങ്കിലും 79-ാം മിനുറ്റിൽ ഒളിംപിക് ഗോളിനുള്ള അവസരം ലിസ്റ്റൺ കൊളാക്കോയ്ക്ക് നിർഭാഗ്യം കൊണ്ട് നഷ്ടമായി.
സ്പോർട്സ് ഡെസ്ക്