ബംബോലിം: ഐഎസ്എല്ലിൽ ജയിച്ചാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാമായിരുന്ന ഒഡിഷ എഫ്സിയെ സമനിലയിൽ കുരുക്കി ചെന്നൈയിൻ എഫ്സി. ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനുള്ള ഒഡിഷയുടെ അവസരം ചെന്നൈയിൻ മുടക്കി. 17 കളികളിൽ 22 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്ത് തുടരുമ്പോൾ 17 കളികളിൽ 20 പോയന്റുമായി ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ റഹീം അലിയിലൂടെ ചെന്നൈയിൻ മുന്നിലെത്തി. 18-ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിലൂടെ ഒഡിഷ ഒപ്പമെത്തി. ജൊനാഥൻ ക്രിസ്റ്റ്യന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

ആദ്യ പകുതിയിൽ ഇരു ടീമിനും നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും സമനില കുരുക്ക് പൊട്ടിക്കാൻ ഇരു ടീമിനുമായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിലെ ജൊനാഥസ് ജീസൂസിലൂടെ മുന്നിലെത്തിയ ഒഡിഷയെ 69-ാം മിനിറ്റിൽ നെരിയൂസ് വാൽസ്‌കസിന്റെ ഗോളിലൂടെ ചെന്നൈയിൻ സമനിലയിൽ തളക്കുകയായിരുന്നു.

സമനിലയോ പരാജയമോ ഇരു ടീമിന്റെയും പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കുമെന്നതിനാൽ വിജയത്തിനായുള്ള പോരാട്ടം മത്സരത്തെ ആവേശകരമാക്കി. ആദ്യ 15 മിനിറ്റിൽ ചെന്നൈയിൻ ആക്രമണങ്ങൾ മാത്രമായിരുന്നു കണ്ടത്. എന്നാൽ പതുക്കെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഒഡിഷ സമനിലഗോളിന് പിന്നാലെ കളം പിടിച്ചു.

രണ്ടാം പകുതിയിൽ മുന്നിലെത്തിയ ഒഡിഷക്കെതിരെ സമനില ഗോൾ നേടിയതിന് പിന്നാലെ തുടർച്ചയായ ആക്രമണങ്ങളുമായി ചെന്നൈയിൻ ഒഡിഷ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം വീണില്ല. സമനില ഗോളിന് പിന്നാലെ 73ാം മിനിറ്റിൽ ഒഡിഷ ഗോൾ കീപ്പർ അർഷദീപ് സിംഗിന്റെ പിഴവിൽ നിന്ന് പന്ത് കാൽക്കലെത്തിയെങ്കിലും നെരീജ്യൂസ് വാൽക്‌സെസിന് അത് മുതലാക്കാൻ കഴിയാതിരുന്നത് ചെന്നൈയിന് തിരിച്ചടിയായി. സമനില പോരാട്ടം ഇരു ടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു.