ഫറ്റോർദ: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്‌ത്തി ജംഷഡ്പൂർ എഫ് സി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ 16 മത്സരങ്ങളിൽ 31 പോയന്റ് നേടിയ ജംഷഡ്പൂർ 32 പോയന്റുള്ള ഹൈദരാബാദിന് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 30 പോയന്റുള്ള എടികെ മോഹൻ ബഗാൻ മൂന്നാമതും 27 പോയന്റുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് നാലാമതും നിൽക്കുന്നു.

തോൽവിയോടെ 18 കളികളിൽ 20 പോയന്റ് മാത്രമുള്ള ചെന്നൈയിൻ എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. ആദ്യ പകുതിയിൽ ജംഷഡ്പൂർ മൂന്ന് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിൽ വാൽസ്‌കിസിലൂടെ ചെന്നൈ ആശ്വാസ ഗോൾ നേടി.

23-ാം മിനിറ്റിൽ റിത്വിക് ദാസിലൂടെ ജംഷഡ്പൂർ മുന്നിലെത്തി. പത്ത് മിനിറ്റിന് ശേഷം ബോറിസ് സിങ് ജംഷഡ്പൂരിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി തീരുന്നതിന് മുമ്പ് ഡാനിയേൽ ചുക്വു ജംഷഡ്പൂരിന്റെ വിജയം ഉറപ്പാക്കി മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗ്രെഗ് സ്റ്റുവർട്ടിൻഷെ ചെന്നൈ താരം ഷോട്ട് ദീപക് ദേവാർനിയുടെ കാലിൽ തട്ടി വലയിൽ കയറിയതോടെ ചെന്നൈ തളർന്നു.

ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള അവരുടെ ശ്രമങ്ങൾ ഒടുവിൽ 62-ാം മിനിറ്റിൽ സഫലമായി. ഏരിയൽ ബോറിസ്യുക്കിന്റെ ലോംഗ് റേഞ്ചർ ജംഷഡ്പൂർ ഗോൾ കീപ്പർ ടി പി രഹ്നേഷ് തടുത്തിട്ടെങ്കിലും പന്ത് എത്തിയത് ബോക്‌സിലുണ്ടായരുന്ന നെരിജ്യൂസ് വാൽസ്‌കിസിന്റെ കാലുകളിലായിരുന്നു. പിഴവുകളേതുമില്ലാതെ വാൽസ്‌കിസ് പന്ത് വലയിലാക്കി ചെന്നൈക്ക് ഒരു ഗോളിന്റെ ആശ്വാസം നൽകി. ഒരു ഗോൾ കൂടി മടക്കാനുള്ള ചെന്നൈയിന്റെ ശ്രമങ്ങളെല്ലാം ജംഷഡ്പൂർ പ്രതിരോധത്തിൽ തട്ടി മടങ്ങി. പ്രതിരോധം മറികടന്നപ്പോഴാകാട്ടെ രഹ്നേഷിന്റെ കൈകളെ മറികടക്കാൻ അവർക്കായില്ല.