ബംബോലിം: ഐഎസ്എല്ലിൽ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ബെംഗലൂരു എഫ് സി. തുടക്കത്തിൽ നന്ദകുമാർ ശേഖറിലൂടെ മുന്നിലെത്തിയ ഒഡിഷയോട് 31-ാം മിനിറ്റിൽ ഡാനിഷ് ബട്ടിലൂടെ ബെംഗലൂരു സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചിരുന്നു.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് ഒഡിഷ ലീഡെടുത്തു. നന്ദകുമാറാണ് ഒഡിഷയ്ക്ക് വേണ്ടി വലകുലുക്കിയത്. ഒഡിഷയുടെ ജൊനാതാസ് പാഴാക്കിയ അവസരം മുതലെടുത്താണ് നന്ദകുമാർ ഗോളടിച്ചത്. ബെംഗളൂരു ബോക്സിനകത്തുവെച്ച് പന്ത് ലഭിച്ച ജൊനാതാസ് ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ പന്ത് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. ഷോട്ട് ഗോൾകീപ്പർ ശർമ തട്ടിയകറ്റി. എന്നാൽ പന്ത് നേരെയെത്തിയത് നന്ദകുമാറിന്റെ കാലിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ട് നന്ദകുമാർ ടീമിന് ലീഡ് സമ്മാനച്ചു.

എന്നാൽ ഒഡിഷയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 31-ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് ഭട്ടിലൂടെ ബെംഗളൂരു സമനില ഗോൾ നേടി. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കോർണർ കിക്കിന് അതിമനോഹരമായി തലവെച്ച ഫാറൂഖ് മികച്ച ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഒഡിഷയ്ക്ക് വേണ്ടി ലീഡുയർത്താൻ കിട്ടിയ സുവർണാവസരം നന്ദകുമാർ തുലച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പാസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലിടിച്ച് തെറിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാൽറുവാത്താര ഉദാന്ത സിംഗിനെ പെനൽറ്റി ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി പിഴവുകളേതുമില്ലാതെ വലയിലാക്കി ക്ലെയ്റ്റൺ സിൽവ ബെഗംലൂരുവിനെ മുന്നിലെത്തിച്ചു. ലക്ഷ്യം കണ്ടതോടെ ബെംഗളൂരു 2-1 ന് മുന്നിലെത്തി. സമനില ഗോളിനായി ഒഡിഷ പരമാവധി ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് അവർക്ക് തിരിച്ചടിയായി.

കളിയുടെ അവസാന 10 മിനിറ്റിൽ നിരന്തരം ആക്രമിച്ച ഒഡിഷ ഏത് സമയവും ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം അവർക്കൊപ്പമായിരുന്നില്ല. ലീഡെടുത്തതിന് പിന്നാലെ ബെംഗലൂരുവിന് ലീഡുയർത്താൻ ലഭിച്ച അവസരം ക്രോസ് ബാറിൽ തട്ടി മടങ്ങി. 60ാം മിനിറ്റിലാണ് ബെംഗലൂരു കുപ്പായത്തിൽ പ്രിൻസ് ഇബ്രക്ക് പകരക്കാരനായി സുനിൽ ഛേത്രി ഇറങ്ങിയത്. 75ാം മിനിറ്റിൽ ഒഡിഷയും സമനില ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങിയത് അവരുടെ നിർഭാഗ്യമായി.

ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. 18 മത്സരങ്ങളിൽ നിന്ന് 26 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 22 പോയന്റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്.