- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ; എടികെയെ സമനിലയിൽ കുരുക്കി ഒഡിഷ; പ്ലേ ഓഫ് ഉറപ്പിക്കാൻ എടികെയ്ക്ക അടുത്ത മത്സരങ്ങൾ നിർണായകം
ബംബോലിം: ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി ഒഡിഷ എഫ് സി. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ പത്തുമിനിറ്റിനുള്ളിലായിരുന്നു രണ്ട് ഗോളുകളും. 19 മത്സരങ്ങളിൽ 23 പോയന്റ് മാത്രമുള്ള ഒഡിഷയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. സമനില വഴങ്ങിയതോടെ 17 കളികളിൽ 31 പോയന്റായ എടികെ പ്ലേ ഓഫ് ഉറപ്പാക്കാൻ അടുത്ത മത്സരങ്ങൾ നിർണായകമായി.
17 കളികളിൽ നിന്ന് 31 പോയന്റുള്ള എടികെ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ അവർക്ക് ജംഷേദ്പുരിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
കളിയുടെ അഞ്ചാം മിനിറ്റിൽ റെഡീം തലാങിലൂടെ മുന്നിലെത്തിയ ഒഡിഷയെ മൂന്ന് മിനിറ്റിനകം പെനൽറ്റി ഗോളിലൂടെ എടികെ സമനിലയിൽ പിടിച്ചു. ആറാം മിനിറ്റിൽ ഹ്യൂഗോ ബോമസിനെ ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോണി കൗക്കോ ആണ് എടികെക്ക് സമനില സമ്മാനിച്ചത്.
ആദ്യ പത്തു മിനിറ്റിൽ തന്നെ ഇരു ടീമുകളും ഗോളടിച്ചെങ്കിലും പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.22-ാം മിനിറ്റിൽ വീണ്ടും മുന്നിലെത്താൻ ഒഡിഷക്ക് സുവർണാവസരം ലഭിച്ചു. പെനൽറ്റി ബോക്‌സിൽ അരിദായി സുവാരസിനെ വീഴ്‌ത്തിയതിന് ഒഡിഷക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത ജാവിയർ ഹെർണാണ്ടസിന് പിഴച്ചു.
ഹെർണാണ്ടസിന്റെ കിക്ക് എടികെ ഗോൾ കീപ്പർ അമ്രീന്ദർ സിങ് രക്ഷപ്പെടുത്തി. റീപ്ലേകളിൽ അത് പെനൽറ്റി വിധിക്കേണ്ട ഫൗളല്ലെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയിൽ പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും ഉണ്ടായില്ല. രണ്ടാം പകുതിയിൽ പന്തടക്കത്തിലും ആക്രമണങ്ങളിലും ഒഡിഷ മുന്നിട്ടു നിന്നെങ്കിലും ഗോളവസരം സൃഷ്ടിക്കാനായില്ല.
എടികെയുടെ മുന്നേറ്റങ്ങളെ ഒഡിഷ പ്രതിരോധം ഫലപ്രദമായി പ്രതിരോധിച്ചു. 89ാം മിനിറ്റിൽ ഒഡിഷയുടെ മറ്റൊരു സുവർണാവസരം കൂടി നഷ്ടമാവുന്നത് കണ്ടാണ് ഇരു ടീമും കൈകൊടുത്ത് പിരിഞ്ഞത്. അരിദായി സുവാരസിന്റെ ഷോട്ട് എടികെയുടെ ക്രോസ് ബാറിൽ തട്ടി പുറത്തുപോയി.
സ്പോർട്സ് ഡെസ്ക്