ബംബോലിം: ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ജംഷഡ്പൂർ എഫ്സി പ്ലേ ഓഫിന് തൊട്ടരികിലെത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് ജംഷഡ്പൂർ മുന്നിലായിരുന്നു. നോർത്ത് ഈസ്റ്റിനെതിരായ ജയത്തോടെ 17 കളികളിൽ 34 പോയന്റുള്ള ജംഷഡ്പൂരിന് ശേഷിക്കുന്ന മൂന്ന് കളികളിൽ ഒരു പോയന്റ് കൂടി നേടിയാൽ ഹൈദരാബാദിന് പിന്നാലെ സെമിയിലെത്താം. പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അവസാനിച്ച നോർത്ത് ഈസ്റ്റ് 19 കളികളിൽ 13 പോയന്റുമായി പത്താം സ്ഥാനത്ത് തുടരുന്നു.

തുല്യതപാലിച്ച ആദ്യ അരമണിക്കൂറിനുശേഷം 35-ാം മിനിറ്റിൽ സെമിൻലെൻ ഡങ്കൽ ആണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്.മൊബാഷിർ റഹ്‌മാന്റെ പാസിൽ നിന്നാണ് ഡങ്കൽ നോർത്ത് ഈസ്റ്റ് വല കുലുക്കിയത്. ആദ്യ പകുതിയിലെ ഈ ഗോളൊഴിച്ചാൽ ബാക്കി സമയം കളി മന്ദഗതിയിലായിരുന്നു. രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടിലൂടെ ജംഷഡ്പൂർ ലീഡുയർത്തി. മധ്യഭാഗത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് മൊബാഷിർ റഹ്‌മാൻ നീട്ടിയടിച്ച പന്ത് ഓടിപ്പിടിച്ചാണ് സ്റ്റുവർട്ട് ഫിനിഷ് ചെയ്തത്.

രണ്ടാം ഗോൾ വീണതോടെ ഉണർന്നു കളിച്ച നോർത്ത് അധികം വൈകാതെ ഒരു ഗോൾ മടക്കി. ലാൽഡന്മാവിയ റാൾട്ടെ ആയിരുന്നു സ്‌കോറർ. മാഴ്‌സലോ പേരേര തൊടുത്ത ഷോട്ടിൽ മലയാളി ഗോൾ കീപ്പർ ടി പി രഹ്നേഷ് തട്ടിയകറ്റിയെങ്കിലും കാൽപ്പാകത്തിൽ കിട്ടിയ പന്തിലായിരുന്നു റാൾട്ടെയുടെ സ്‌കോറിങ്. തൊട്ടടുത്ത നിമിഷം മാഴ്‌സലോ പെരേരയിലൂടെ രണ്ടാം ഗോളും നേടി സമനില പിടിച്ച നോർത്ത് ഈസ്റ്റ് ജംഷഡ്പൂരിനെ ഞെട്ടിച്ചു.

പ്രഗ്യാൻ ഗോഗോയിുടെ പാസിൽ നിന്നായിരുന്നു പേരേരയുടോ ഗോൾ. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ പാസിൽ നിന്ന് നോർത്ത് ഈസ്റ്റ് വലകുലുക്കി ജോർദ്ദാൻ മറി ജംഷഡ്പൂരിന്റെ രക്ഷകനായി.