ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി എ.ടി.കെ. മോഹൻ ബഗാൻ. ലിസ്റ്റൺ കൊളാസോയും മൻവീർ സിങ്ങും ടീമിനായി സ്‌കോർ ചെയ്തു.

ഈ വിജയത്തോടെ മോഹൻ ബഗാൻ സെമിഫൈനൽ സാധ്യത സജീവമാക്കി. ഈ വിജയത്തോടെ മോഹൻ ബഗാന് 18 മത്സരങ്ങളിൽ നിന്ന് 34 പോയന്റായി. നിലവിൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടീം. നാലാമതുള്ള മുംബൈയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 31 പോയന്റും അഞ്ചാമതുള്ള കേരള ബ്ലാസ്റ്റേഴ്സിന് 30 പോയന്റുമാണുള്ളത്.

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മോഹൻ ബഗാൻ പ്ലേ ഓഫിൽ കടക്കും. ബെംഗളൂരു നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 26 പോയന്റുള്ള ബെംഗളൂരു ആറാം സ്ഥാനത്താണ്.

ഓരോ പകുതിയിലും ഓരോ ഗോൾ വീതം നേടിയാണ് മോഹൻബഗാൻ ബെംഗളൂരുവിനെ തകർത്തത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ലിസ്റ്റൺ കൊളാസോയിലൂടെ ടീം ലീഡെടുത്തു. തകർപ്പൻ ഫ്രീകിക്കിലൂടെയാണ് കൊളാസോ ഗോളടിച്ചത്.

ബോക്സിന് വളരെ പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് തകർപ്പൻ ഷോട്ടിലൂടെ കൊളാസോ ഗോൾ പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് അടിച്ചിട്ടു. ഗോൾകീപ്പർ ശർമ തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും പന്ത് വലതുളച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

രണ്ടാം പകുതിയിൽ 85-ാം മിനിറ്റിലാണ് മൻവീർ വലകുലുക്കിയത്. ബെംഗളൂരു താരം രോഹിത് കുമാറിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ആളുമാറി പാസ് ചെയ്ത രോഹിത് കുമാറിൽ നിന്ന് പന്ത് സ്വീകരിച്ച മൻവീർ പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ മോഹൻബഗാൻ വിജയമുറപ്പിച്ചു.