- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക മത്സരത്തിൽ ഹൈദരാബാദിനെ വീഴ്ത്തി ജംഷഡ്പൂർ; ജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; പത്തുപേരായി ചുരുങ്ങിയിട്ടും ഉരുക്കുകോട്ട; 37 പോയന്റുമായി സെമി ഉറപ്പിച്ച് ഒന്നാമത്
ബംബോലിം: ഐഎസ്എല്ലിൽ കരുത്തരായ ഹൈദരാബാദ് എഫ് സിയെ കീഴടക്കി ജംഷഡ്പൂർ എഫ് സി സെമി ബർത്ത് ഉറപ്പിച്ചു. ഇതാദ്യമായാണ് ജംഷഡ്പൂർ ഐഎസ്എൽ സെമിയിലെത്തുന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന്റെ വിജയം. ഹൈദരാബാദ് നേരത്തെ സെമിയിലെത്തിയിരുന്നു. 18 മത്സരങ്ങളിൽ 37 പോയന്റുമായാണ് ജംഷഡ്പൂർ ഒന്നാമന്മാരായത്. 19 കളികളിൽ 35 പോയനന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തുണ്ട്.
സീസണിലെ ടോപ് സ്‌കോററായ ബർതോലോമ്യു ഒഗ്‌ബെച്ചെ ഇല്ലാതെ ഇറങ്ങിയിട്ടും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ജംഷഡ്പൂർ ജയിച്ചു കയറിയത്. രണ്ടാം പകുതിയിൽ ജംഷഡ്പൂരിന്റെ മൊബാഷിർ റഹ്‌മാൻ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിന്റെ ഉരുക്കുകോട്ട തകർത്ത് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ഹൈദാരാബാദിനായില്ല.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ജംഷഡ്പൂർ മുന്നിലെത്തി. അലക്‌സാണ്ടർ ലിമ എടുത്ത കോർണറിൽ നിന്ന് പീറ്റർ ഹാർട്ലി ഗോളിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോളി അത് രക്ഷപ്പെടുത്തി. പക്ഷെ പന്ത് കാലിലെത്തിയ മൊബാഷിർ റഹ്‌മാൻ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ചിങ്‌ലെസെന്നുടെ കാലുകളിൽ തട്ടി ഗതിമാറി ഹൈദരാബാദിന്റെ വലയിൽ കയറി. ചിങ്ലെൻസെന സിംഗിന്റെ പേരിലാണ് ഗോൾ അനുവദിക്കപ്പെട്ടത്.
28-ാം മിനിറ്റിൽ ജോയൽ ചിയാൻസെ അവസരം നഷ്ടമാക്കിയതിന് പിന്നാലെ ക്യാപ്റ്റൻ പീറ്റർ ഹാർട്ലി ജംഷഡ്പൂരിനെ ലീഡ് രണ്ടാക്കി ഉയർത്തി. അലക്‌സാണ്ടർ ലിമയുടെ പാസിൽ നിന്നായിരുന്നു ഹാർട്ലിയുടെ ഗോൾ.ആദ്യ പകുതിയിൽ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഹൈദരാബാദിന്റെ ശ്രനങ്ങൾ ഫലവത്തായില്ല.
രണ്ടാം പകുതിയിൽ അലകാസ്ണ്ടർ ലിമയുടെ അസിസ്റ്റിൽ ഡാനിയേൽ ചുക്വു ഹൈദരാബാദിന്റെ തോൽവി ഉറപ്പാക്കി മൂന്നാം ഗോളും നേടി. മൂന്നാം ഗോൾ നേടിയതിന് തൊട്ടുപിന്നാലെ ഹൈദാരാബാദ് താരവുമായി കൈയാങ്കളിക്ക് മുതിർന്ന ജംഷഡ്പൂരിന്റെ മൊബാഷിർ റഹ്‌മാൻ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിനെതിരെ ഒരു ഗോൾ തിരിച്ചടിക്കാൻ ഹൈദാരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും ജംഷഡ്പൂരിന്റെ ഉരുക്കുകോട്ട ഭേദിക്കാനായില്ല.
18 കളികളിൽ 34 പോയന്റുള്ള എ ടി കെ മോഹൻ ബഗാൻ സെമി യോഗ്യതക്ക് തൊട്ടടുത്താണ്. പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ് സിയും തമ്മിലാണ് പോരാട്ടം. മുംബൈക്ക് 18 കളികളിൽ 31 പോയന്റും ബ്ലാസ്റ്റേഴ്‌സിന് 18 കളികളിൽ 30 പോയന്റുമാണുള്ളത്.
സ്പോർട്സ് ഡെസ്ക്