മഡ്ഗാവ്: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെ തളച്ച് എടികെ മോഹൻ ബഗാൻ പ്ലേ ഓഫിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയുടെ ജയം. ഇതോടെ ഹൈദരാബാദ് എഫ്സി ജംഷഡ്പൂർ എഫ്സി ടീമുകൾക്ക് പിന്നാലെ സെമിയിലെത്തുന്ന മൂന്നാം ടീമായി എടികെ. നാലാം സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം.

ഫത്തോഡയിലെ നിർണായക മത്സരത്തിൽ റോയ് കൃഷ്ണയെയും മൻവീർ സിംഗിനെയും ലിസ്റ്റൺ കൊളാസോയേയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലാണ് എടികെ മോഹൻ ബഗാൻ മൈതാനത്തിറങ്ങിയത്. ചെന്നൈയിനാവട്ടെ വാൽസ്‌കിസിനെ ഏക സ്ട്രൈക്കറാക്കി 4-1-4-1 ഫോർമേഷനിലും. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ ജോണി കൗക്കോയുടെ അസിസ്റ്റിൽ നിന്ന് വിജയഗോൾ നേടുകയായിരുന്നു റോയ് കൃഷ്ണ.

ചെന്നൈയിൻ-എടികെ മോഹൻ ബഗാൻ മത്സരഫലത്തോടെ ഐഎസ്എൽ പ്ലേ ഓഫ് ചിത്രം കൂടുതൽ തെളിയുകയാണ്. 18 മത്സരങ്ങളിൽ 37 പോയിന്റുമായി ജംഷഡ്പൂർ എഫ്സിയാണ് പട്ടികയിൽ മുന്നിൽ. ജയത്തോടെ എടികെ 19 കളിയിൽ 37 പോയിന്റുമായി രണ്ടാമതെത്തി. 35 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് മൂന്നാം സ്ഥാനത്ത്. 19 മത്സരങ്ങളിൽ 33 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സും തൊട്ടുപിന്നിലുള്ള മുംബൈ സിറ്റി(31 പോയിന്റ്) തമ്മിലാണ് സെമിയിലെത്തുന്ന നാലാം ടീമാകാനുള്ള അങ്കം. സീസണിലെ പത്താം തോൽവി വഴങ്ങിയ ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.