വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ ജയത്തോടെ ബെംഗളൂരു എഫ്സിക്ക് മടക്കം. സീസണിൽ ടീമിന്റെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. 24-ാം മിനുറ്റിൽ നായകൻ സുനിൽ ഛേത്രിയാണ് വിജയഗോൾ നേടിയത്.

മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. പ്രതിരോധതാരം യായ ബനാന നൽകിയ ലോങ് പാസ് ബോക്സിനകത്ത് നിന്ന് സ്വീകരിച്ച ഛേത്രി പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഛേത്രിയുടെ ഐ.എസ്.എല്ലിലെ ആകെയുള്ള ഗോൾനേട്ടം 51 ആയി ഉയർന്നു. ഐ.എസ്.എല്ലിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഛേത്രി. ഐ.എസ്.എല്ലിൽ ഏറ്റവുമധികം ഗോൾ നേടിയ ഇന്ത്യൻ താരവും ഛേത്രിയാണ്.

വിജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ബെംഗളൂരുവിന് സാധിച്ചു. നിലവിൽ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ടീം. 20 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും അഞ്ച് സമനിലയും നേടിയ ബെംഗളൂരു ഏഴ് തോൽവിയും ഏറ്റുവാങ്ങി. 29 പോയന്റാണ് ആകെ സമ്പാദ്യം.

മറുവശത്ത് ഈസ്റ്റ് ബംഗാൾ നാണക്കേടിൽ മുങ്ങി. അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. 20 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന്റെ സമ്പാദ്യം. എട്ട് മത്സരങ്ങളിൽ സമനില നേടിയപ്പോൾ 11 എണ്ണത്തിൽ ടീം തോറ്റു. വെറും 11 പോയന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം.

ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സിയെ നേരിടുകയാണ്. സെമി പ്രതീക്ഷ നിലനിർത്താൻ മുംബൈയ്ക്ക് ജയം അനിവാര്യമാണ്. 35 പോയിന്റുള്ള ഹൈദരാബാദ് മൂന്നും 31 പോയിന്റുള്ള മുംബൈ അഞ്ചും സ്ഥാനത്താണ്. സമനില നേടിയാലും ഹൈദരാബാദിന് സെമിയുറപ്പിക്കാം. 40 പോയിന്റോടെ ജംഷഡ്പൂർ എഫി ഒന്നും 37 പോയിന്റുള്ള എടികെ മോഹൻ ബഗാൻ രണ്ടും സ്ഥാനത്ത് നിൽക്കുന്നു. ഇരു ടീമും നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

19 കളിയിൽ 33 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് നിലവിൽ നാലാം സ്ഥാനത്ത്. അവസാന മത്സരത്തിൽ നാളെ ഗോവയെ തോൽപിച്ചാൽ ബ്ലാസ്റ്റേഴ്സും സെമിയിലെത്തും. ഒൻപത് ജയവും ആറ് സമനിലയുമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനുള്ളത്.