- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക മത്സരത്തിൽ ഹൈദരാബാദിനോട് തോൽവി; സെമി കാണാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി പുറത്ത്; 33 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്
മഡ്ഗാവ്: ഐഎസ്എല്ലിൽ നിർണായക മത്സരത്തിൽ ഹൈദരാബാദ് എഫ് സിയോട് പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സി സെമി കാണാതെ പുറത്ത്. മുംബൈ അഞ്ചാം സ്ഥാനക്കാരായി മടങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. നിർണായക മത്സരത്തിൽ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈയെ തകർത്തതോടെയാണിത്. ഇതോടെ നാലാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.
നിർണായക മത്സരത്തിൽ ഹൈദരാബാദിന് മുന്നിൽ കാലുറപ്പിക്കാൻ പോലും 75 മിനുറ്റുകൾ വരെ മുംബൈ സിറ്റിക്കായില്ല. ആദ്യപകുതിയിലായിരുന്നു ഹൈദരാബാദിന്റെ രണ്ട് ഗോളുകളും. 14-ാം മിനുറ്റിൽ രോഹിത് ദാനുവിന്റെയും 41-ാം മിനുറ്റിൽ ജോയലിന്റേയും ഗോളുകൾ മുംബൈയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിച്ചു. എന്നാൽ 76-ാം മിനുറ്റിൽ ഫാളിന്റെ ഗോൾ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന 10 മിനുറ്റിൽ സമനില ഗോൾ കണ്ടെത്താൻ മുംബൈക്കായില്ല.
ഐഎസ്എല്ലിൽ 40 പോയിന്റുമായി ജംഷ്ഡ്പൂർ എഫ്സിയാണ് തലപ്പത്ത്, ഹൈദരാബാദ് എഫ്സി 38 പോയിന്റുമായി രണ്ടാമും 37 പോയിന്റുമായി എടികെ മോഹൻ ബഗാൻ മൂന്നാമതും 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാമതും നിൽക്കുന്നു. നാല് ടീമുകളും സെമിയിലെത്തി. മുംബൈ തോറ്റതോടെ നാളെ നടക്കുന്ന എഫ്സി ഗോവ-കേരള ബ്ലാസ്റ്റേഴ്സ് മത്സര ഫലം നിർണായകമല്ലാതായി. അതേസമയം തിങ്കളാഴ്ച നടക്കുന്ന എടികെ മോഹൻ ബഗാൻ-ജംഷഡ്പൂർ എഫ്സി പോരാട്ടം നടക്കും.
ഇന്നത്തെ ആദ്യ മത്സരത്തിൽ ജയത്തോടെ ബെംഗളൂരു എഫ്സി മടങ്ങി. സീസണിൽ ടീമിന്റെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്സി തോൽപിച്ചത്. 24-ാം മിനുറ്റിൽ സൂപ്പർതാരം സുനിൽ ഛേത്രിയുടേതാണ് വിജയഗോൾ. ബെംഗളൂരു 29 പോയിന്റോടെയും ഈസ്റ്റ് ബംഗാൾ 11 പോയിന്റുമായും സീസൺ അവസാനിപ്പിച്ചു. ബിഎഫ്സി ആറാമതെങ്കിൽ അവസാന സ്ഥാനക്കാരാണ് ഈസ്റ്റ് ബംഗാൾ. 20 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന്റെ സമ്പാദ്യം. എട്ട് മത്സരങ്ങളിൽ സമനില നേടിയപ്പോൾ 11 എണ്ണത്തിൽ ടീം തോറ്റു. വെറും 11 പോയന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം.
മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. പ്രതിരോധതാരം യായ ബനാന നൽകിയ ലോങ് പാസ് ബോക്സിനകത്ത് നിന്ന് സ്വീകരിച്ച ഛേത്രി പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഛേത്രിയുടെ ഐ.എസ്.എല്ലിലെ ആകെയുള്ള ഗോൾനേട്ടം 51 ആയി ഉയർന്നു. ഐ.എസ്.എല്ലിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഛേത്രി. ഐ.എസ്.എല്ലിൽ ഏറ്റവുമധികം ഗോൾ നേടിയ ഇന്ത്യൻ താരവും ഛേത്രിയാണ്.
സ്പോർട്സ് ഡെസ്ക്