- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറം കബ്രേറയുടെ ഹാട്രിക്ക്;. അവസാന മിനുറ്റിൽ തിരിച്ചടിച്ച് മഞ്ഞപ്പട; ബാംബോലിമിൽ ഗോൾമഴ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ത്രില്ലർ സമനില; തിങ്കളാഴ്ച ഗ്രൂപ്പ് ചാമ്പ്യന്മാരെ അറിയാം
പനാജി: ഐഎസ്എല്ലിൽ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് ത്രില്ലർ സമനില. രണ്ടാംപകുതിയിൽ രണ്ട് ഗോൾ ലീഡെടുത്ത് എഫ്സി ഗോവ വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കിയത്. ഗോവയുടെ കബ്രേര ഹാട്രിക് തികച്ചപ്പോൾ ഇരു ടീമും മത്സരത്തിൽ നാല് ഗോൾ വീതം നേടി. എട്ടു ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമും നാലു ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു
രാഹുൽ കെ കെപിയെയും പെരേര ഡയസിനെയും ആക്രമണത്തിന് നിയോഗിച്ചാണ് പനാജിയിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഇടംപിടിച്ചു. ആദ്യപകുതിയിൽ തന്നെ ഇരട്ട ഗോളുമായി ഗോവയ്ക്ക് മേൽ മേധാവിത്വം സ്ഥാപിച്ചു കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് തവണയും ലക്ഷ്യം കണ്ടത് പെരേര ഡയസായിരുന്നു.
വലതുവിങ്ങിൽ നിന്ന് സഹൽ അളന്നുമുറിച്ചു നൽകിയ ക്രോസിൽ നിന്ന് 10-ാം മിനുറ്റിൽ ആദ്യ ഗോൾ കണ്ടെത്തി പെരേര ഡയസ്. അൻവർ അലിയിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത സഹൽ, ഡയസിന് പന്ത് മറിച്ചുനൽക്കുകയായിരുന്നു. 25-ാം ചെഞ്ചോയെ ഗോളി ഹൃതിക് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഡയസ് അനായാസം വലയിലെത്തിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് 2-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടുംകൽപിച്ച് രണ്ടാംപകുതിയിൽ മൂന്ന് മാറ്റങ്ങളുമായി ഗോവ കളത്തിലേക്ക് തിരിച്ചുവന്നു. ഇതിലൊരാൾ ഹാട്രിക് തികച്ചുവെന്നത് അത്ഭുതം. മാറ്റങ്ങളുടെ ഫലമെന്നോളം 48-ാം മിനുറ്റിൽ എഡു ബേഡിയ എടുത്ത ഫ്രീകിക്കിൽ ഇവാൻ തലകൊണ്ട് ചെത്തിനൽകിയ പന്തിൽ കബ്രേര ഗോവയുടെ ആദ്യ ഗോൾ മടക്കി. 63-ാം മിനുറ്റിൽ അനുവദിക്കപ്പെട്ട പെനാൽറ്റി അനായാസം വലയിലെത്തിച്ച് കബ്രേര ഗോൾനില 2-2 ആക്കി. തൊട്ടുപിന്നാലെ ഗോവ വീണ്ടും പന്ത് വലയിലിട്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
79-ാം മിനിറ്റിൽ ഒരു കിടിലൻ ഷോട്ടിലൂടെ ഐബാൻ ഡോഹ്ലിങ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം കബ്രേറ തന്റെ ഹാട്രിക്കും ഗോവയുടെ നാലാം ഗോളും സ്വന്തമാക്കി. ഇതോടെ ആദ്യ പകുതിയിൽ 2-0ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് 82 മിനിറ്റ് പിന്നിട്ടപ്പോൾ 4-2ന് പിന്നിലായി.
വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമായിരുന്നില്ല. ചെഞ്ചോയുടെ അസിസ്റ്റിൽ ബറെറ്റോ 88-ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ കണ്ടെത്തി. ആദ്യ ഇലവനിൽ ഇല്ലാതിരുന്ന അൽവാരോ വാസ്‌ക്വസ് 90-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കുറിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 20 കളിയിൽ 34 പോയിന്റുമായി നാലാം സ്ഥാനം ഉറപ്പിച്ചു. 19 മത്സരങ്ങളിൽ 40 പോയിന്റോടെ ജംഷഡ്പൂർ എഫ്സിയാണ് തലപ്പത്ത്. 20 മത്സരങ്ങളും പൂർത്തിയാക്കിയ ഹൈദരാബാദ് എഫ്സി 38 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. 19 മത്സരങ്ങളിൽ 37 പോയിന്റോടെ എടികെ മോഹൻ ബഗാൻ മൂന്നാമതും. തിങ്കളാഴ്ച നടക്കുന്ന എടികെ മോഹൻ ബഗാൻ-ജംഷഡ്പൂർ എഫ്സി പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കും.
സ്പോർട്സ് ഡെസ്ക്