മഡ്ഗാവ്: ഐ എസ് എൽ അവസാന ലീഗ് മത്സരത്തിൽ എടികെ മോഹൻ ബഗാനെ കീഴടക്കി ജംഷഡ്പുർ എഫ്‌സി സീസണിലെ ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം. 56-ാം മിനിറ്റിൽ മധ്യനിര താരം ഋത്വിക് ദാസാണ് ജംഷഡ്പുരിന്റെ വിജയഗോൾ നേടിയത്.

ജയത്തോടെ 20 കളികളിൽനിന്ന് 43 പോയിന്റ് നേടി ജംഷഡ്പുർ എഫ്‌സി ലീഗിൽ ഒന്നാം സ്ഥാനവും വിന്നേഴ്‌സ് ഷീൽഡും സ്വന്തമാക്കി. ഇതോടെ എഎഫ്‌സി ചാംപ്യൻസ് ലീഗിൽ കളിക്കാനുള്ള യോഗ്യതയ്ക്കൊപ്പം 3.5 കോടി രൂപയും ജംഷഡ്പുർ എഫ്‌സിക്ക് ലഭിക്കും.

ലീഗിലെ അവസാന മത്സരവും പൂർത്തിയായതോടെ ഈ സീസണിലെ സെമി ലൈനപ്പും വ്യക്തമായി. ഒന്നാം സ്ഥാനക്കാരായ ജംഷഡ്പുർ എഫ്‌സിക്ക് നാലാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സാണ് എതിരാളികൾ. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയും മൂന്നാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാനും രണ്ടാം സെമിയിൽ ഏറ്റുമുട്ടും.

ജംഷഡ്പുർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് സെമിയുടെ ആദ്യ പാദം മാർച്ച് 11ന് നടക്കും. രണ്ടാം മാദം മാർച്ച് 15നാണ്. ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാൻ രണ്ടാം സെമിയുടെ ആദ്യ പാദം മാർച്ച് 12നും രണ്ടാം പാദം മാർച്ച് 16നും നടക്കും. മാർച്ച് 20നാണ് ഫൈനൽ.

ഇത്തവണ ഐഎസ്എൽ ചാംപ്യന്മാർക്ക് ആറു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് മൂന്നു കോടി രൂപ ലഭിക്കും. മറ്റു രണ്ട് സെമി ഫൈനലിസ്റ്റുകൾക്കും 1.5 കോടി രൂപ വീതവും ലഭിക്കും. എഫ്‌സി ഗോവയായിരുന്നു 2019-20ലെ ലീഗ് ഷീൽഡ് ജേതാക്കൾ. 2020-21 ൽ കന്നി ഹീറോ ഐഎസ്എൽ കിരീടം നേടിയതിനൊപ്പം ലീഗ് ഷീൽഡും നേടിയ മുംബൈ സിറ്റി എഫ്സിയാണ് നിലവിലെ ഷീൽഡ് ഉടമകൾ.

ഐഎസ്എൽ സെമി ലൈനപ്പ്

ആദ്യപാദം

മാർച്ച് 11: ജംഷഡ്പുർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ്

മാർച്ച് 12: ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാൻ

രണ്ടാംപാദം

മാർച്ച് 15: ജംഷഡ്പുർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ്

മാർച്ച് 16: ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാൻ

ഫൈനൽ: മാർച്ച് 20