ബാംബോലിം: ഇന്ത്യന് സൂപ്പർ ലീഗിൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ ഹൈദരാബാദ് എഫ്സിക്ക് ജയം. എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. തുടക്കത്തിൽ ലീഡ് നേടിയ ശേഷമായിരുന്നു ബഗാന്റെ തോൽവി. ബർതൊളോമ്യൂ ഒഗ്ബെച്ചെ, മുഹമ്മദ് യാസിർ, ഹാവിയർ സിവേരിയോ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകൾ നേടിയത്. റോയ് കൃഷ്ണയുടെ വകയായിരുന്നു ബഗാന്റെ ഏകഗോൾ.

ഹൈദരാബാദിന് തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. ഷോട്ടുകളുതിർക്കുന്നതിലും പന്തടക്കത്തിലും ഹൈദരാബാദ് മികവ് കാണിച്ചു. എന്നാൽ കളി ഗതിക്ക് വിപരീതമായി ആദ്യം ഗോൾ നേടിയത് ബഗാനായിരുന്നു. 18-ാം മിനിറ്റിനായിരുന്നു റോയ് കൃഷ്ണയുടെ ഗോൾ. ലിസ്റ്റൺ കൊളാക്കോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. താരത്തിന്റെ നിലംപറ്റെയുള്ള ക്രോസ് റോയ് പ്രതിരോധതാരം ആകാശ് മിശ്രയെ മറികടന്ന് വലയിലെത്തിച്ചു.

ഹൈദരാബാദിന്റെ മറുപടി ഒഗ്ബെച്ചെയുടെ വകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോൾ. യാസറിന്റെ കോർണറിൽ അനികേത് ജാദവ് ആ്ദ്യ ശ്രമം നടത്തി. എന്നാൽ ഷോട്ട് പ്രതിരോധത്തിൽ തട്ടിതെറിച്ചു. പന്ത്് കിട്ടിയ ഹൈദരാബാദ് പ്രതിരോധ താരം ജുവനാൻ നൈജീരിയൻ താരത്തിന് മറിച്ചുനൽകി. ഒഗ്ബെച്ചെയുടെ ഷോട്ട് ഗോൾകീപ്പർ അമ്രിന്ദർ സിംഗിനെ മറികടന്നു. സ്‌കോർ 1-1. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

58-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോൾ. ഒഗ്ബെച്ചെയിൽ നിന്ന് പന്ത് സ്വീകരിച്ച സിവേറിയോ ഷോട്ടുതിർക്കും മുമ്പ് പ്രതിരോധതാരങ്ങളായ സന്ദേശ് ജിങ്കാനും തിരിയും പ്രതിരോധിച്ചു. പന്ത് യാസിറിന്റെ മുന്നിലേക്ക്. അനായാസം താരം ഗോൾവര കടത്തി. ഹൈദരാബാദ് ആദ്യമായി മത്സരത്തിൽ മുന്നിലെത്തി. ആറ് മിനിറ്റുകൾക്ക് ശേഷം ഹൈദരാബാദിന്റെ മൂന്നാം ഗോളും പിറന്നു. ഇത്തവണ സിവേരിയോ ഗോൾ നേടി. യാസറിന്റെ കോർണറിൽ തലവച്ചാണ് സിവേറിയോ വല കുലുക്കിയത്.

ഐഎസ്എല്ലിൽ നാളെയും മറ്റന്നാളും മത്സരമില്ല. ചൊവ്വാഴ്‌ച്ച രണ്ടാംപാദ സെ്മിയിൽ കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ എഫ്സിയെ നേരിടും. ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ബുധനാഴ്‌ച്ച ബഗാനും ഹൈദരാബാദും രണ്ടാംപാദത്തിൽ വീണ്ടും നേർക്കുനേർ വരും.