- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നേറ്റനിരയിൽ വാസ്‌ക്വസും പെരേര ഡയസും; നിഷുകുമാർ തിരിച്ചെത്തി; സഹൽ ടീമിലില്ല; ഫൈനൽ ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്; രണ്ടാംപാദ സെമിയിലും ജംഷഡ്പൂരിനെ വീഴ്ത്താൻ മഞ്ഞപ്പട തയ്യാർ
തിലക് മൈദാൻ: ഇന്ത്യൻ ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ഐഎസ്എല്ലിലെ 'യഥാർത്ഥ ഫൈനൽ' പോരാട്ടത്തിന് അൽപ സമയത്തിനകം വാസ്‌കോയിലെ തിലക് മൈതാനിൽ പന്തുരുളും. കിക്കോഫ് രാത്രി 7.30 ന്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തൽസമയം കാണാം.
ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യവേദി കൂടിയായ തിലക് മൈതാനിൽ നിന്നു ഫറ്റോർഡയിലെ കലാശപ്പോരാട്ടത്തിലേക്കു കാലു കുത്താൻ ഒരു സമനിലയുടെ അകലം മാത്രമെന്ന ആശ്വാസത്തിലാകും വുക്കൊമനോവിച്ചും സംഘവും ഇന്നിറങ്ങുക. ഒരു ഗോളിന്റെ കടവും വീട്ടി വിജയത്തിന്റെ ഗോൾ തേടേണ്ട ജീവന്മരണ നിമിഷങ്ങളിലേക്കാണു ജംഷഡ്പുരിന്റെ വരവ്. ആദ്യപാദത്തിന്റെ പന്ത് ഉരുണ്ടുതുടങ്ങിയപ്പോൾ മുതൽ അതിവേഗ ആക്രമണമന്ത്രവുമായി ഇരമ്പിക്കയറിയ ജംഷഡ്പുർ ആകാൻ ഓവൻ കോയലിന്റെ പടയ്ക്ക് സാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
രണ്ടാംപാദ സെമിഫൈനലിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ഇലവനായി. ആദ്യപാദ സെമി കളിച്ച ടീമിൽ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. പരിക്കുമാറി നിഷുകുമാർ തിരിച്ചെത്തിയപ്പോൾ സന്ദീപും ആദ്യ ഇലവനിൽ ഇടം പിടിച്ചു.
അതേസമയം, ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യഇലവനിലോ പകരക്കാരുടെ ലിസ്റ്റിലോ ഇല്ലെന്നത് അത്ഭുതമായി. സഹലിന് പരിക്കാണോ എന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.
മുന്നേറ്റനിരയിൽ ആൽവാരോ വാസ്‌ക്വസും ഹോർജെ പെരേര ഡയസും കളിക്കുമ്പോൾ അഡ്രിയാൻ ലൂണ, പ്യൂട്ടിയ, ആയുഷ് അധികാരി, നിഷുകുമാർ, സന്ദീപ്, ഹോർമിപാം, ലെസ്‌കോവിച്ച്, ഖബ്ര, ഗിൽ എന്നിവരാണ് ആദ്യ ഇളവനിലുള്ളത്. സഹൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ടീമിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ആദ്യപാദ സെമിയിൽ 38-ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വേസിന്റെ അസിസ്റ്റിൽ സഹൽ അബ്ദുൽ സമദ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് 1-0ന് ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ജംഷഡ്പൂരിനെ സമനിലയിൽ തളച്ചാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലേക്ക് മുന്നേറാനാവും.
ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ ജംഷഡ്പൂർ കരുത്തരെങ്കിലും ഇന്നത്തെ രണ്ടാംപാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് മേൽക്കൈ. അൽവാരോ വാസ്‌ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിന്.
ലെസ്‌കോവിച്ചും ഖബ്രയും ഹോർമിപാമും ചേർന്നുള്ള പ്രതിരോധവും ഭദ്രം. മഞ്ഞപ്പടയുടെ മാസ്റ്റർ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ ജംഷഡ്പൂരിന് കാര്യങ്ങൾ എളുപ്പമാകില്ല. നേരത്തെ രണ്ട് തവണ സെമിയിലെത്തിയപ്പോഴും തോറ്റിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്‌സിന് കരുത്താകും.
മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്റെ ലക്ഷ്യം. ഋതിക് ദാസ്, ഡാനിയേൽ ചീമ, ഗ്രെഗ് സ്റ്റുവർട്ട് തുടങ്ങി കളി വരുതിയിലാക്കാൻ കരുത്തുള്ള താരങ്ങളുണ്ട് ജംഷഡ്പൂർ നിരയിൽ. വല കാക്കാൻ മലയാളി താരം ടി പി രഹനേഷുണ്ട്. കലാശപ്പോരിന് ഗാലറിയിൽ മഞ്ഞക്കടൽ തീർക്കാൻ കാത്തിരിക്കുന്ന ആരാധകരെ ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കില്ലെന്ന് കരുതാം.
ബ്ലാസ്റ്റേഴ്‌സ് വിജയം ആഘോഷിക്കട്ടെ, ലീഗിലെ മികച്ച ടീം ഞങ്ങളാണെന്നു രണ്ടാം പാദത്തിൽ കാണിച്ചുതരാം' ഐഎസ്എൽ സെമിഫൈനലിന്റെ ഒന്നാം പാദ മത്സരത്തിനു ശേഷം ജംഷഡ്പുർ പരിശീലകൻ ഓവൻ കോയൽ മടങ്ങിയതൊരു മുന്നറിയിപ്പും നൽകിയാണ്. ഒന്നാം പാദത്തിൽ ഒരു ഗോളിന്റെ ജയവും കുറിച്ച് ഒരു ചുവടു മുന്നിലായി മടങ്ങുമ്പോഴും 'ഒരു മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ, പോരാട്ടം ഇനിയും ബാക്കി' എന്ന ഓർമപ്പെടുത്തലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ പ്രതികരണം.
സ്പോർട്സ് ഡെസ്ക്