ഫറ്റോർദ: ഐഎസ്എൽ രണ്ടാംപാദ സെമിഫൈനലിൽ എടികെ മോഹൻ ബഗാന് മുന്നിൽ ഏകപക്ഷീയമായ ഒരുഗോളിന് കീഴടങ്ങിയിട്ടും ആദ്യപാദത്തില തകർപ്പൻ ജയത്തിന്റെ മികവിൽ ഹൈദരാബാദ് എഫ് സി ഫൈനലിൽ. ആദ്യപാദത്തിൽ നേടിയ 3-1 വിജയത്തിന്റെ കരുത്തിലാണ് (ഇരുപാദങ്ങളിലുമായി 3-2) ഹൈദരാബാദിന്റെ ഫൈനൽ പ്രവേശം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഹൈദരാബാദ് നേരിടും.

ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എൽ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലിൽ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്റെ ഉദയം കാണാം.

രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിട്ടും മോഹൻ ബഗാൻ പുറത്തായി. റോയ് കൃഷ്ണയാണ് ടീമിനായി ഗോളടിച്ചത്. വലിയ വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മോഹൻ ബഗാൻ ആദ്യ സെക്കൻഡ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ആദ്യ അഞ്ചുമിനിറ്റിൽ തന്നെ ഹൈദരാബാദ് ഗോൾമുഖത്ത് ഭീതി ജനിപ്പിക്കാൻ മോഹൻ ബഗാന് സാധിച്ചു. ഏഴാം മിനിറ്റിൽ മോഹൻ ബഗാന്റെ ജോണി കൗക്കോയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി അത് തട്ടിയകറ്റി.

പിന്നാലെ പന്ത് സ്വീകരിച്ച പ്രബീർദാസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. നിരന്തരം ആക്രമണം അഴിച്ചുവിട്ട് മോഹൻ ബഗാൻ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 19-ാം മിനിറ്റിൽ പ്രബീർ ദാസ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ കട്ടിമണി പിടിച്ചെടുത്തു.

22-ാം മിനിറ്റിൽ മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാസോയുടെ മികച്ച ഷോട്ട് ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 23-ാം മിനിറ്റിലാണ് ഹൈദരാബാദ് ആദ്യമായി ഒരു ഷോട്ട് മോഹൻ ബഗാൻ ഗോൾപോസ്റ്റിലേക്കടിച്ചത്. എന്നാൽ ഗോളടിയന്ത്രം ബർത്തലോമ്യു ഓഗ്ബെച്ചെയുടെ കിക്ക് ഗോൾകീപ്പർ അമരീന്ദർ അനായാസം പിടിച്ചെടുത്തു.

31-ാം മിനിറ്റിൽ ലിസ്റ്റണ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. സുവർണാവസരമാണ് ലിസ്റ്റൺ പാഴാക്കിയത്. 34-ാം മിനിറ്റിൽ ഹൈദരാബാദിന്റെ അനികേത് മികച്ച ഹെഡ്ഡർ അവസരം പാഴാക്കി.

38-ാം മിനിറ്റിൽ മോഹൻ ബഗാൻ ഗോളടിച്ചെന്ന് തോന്നിച്ചു. പ്രബീർ ദാസിന്റെ അതിമനോഹരമായ ക്രോസിന് കാലുവെച്ച് കൊടുക്കേണ്ട ആവശ്യമേ ബൗമസിനുണ്ടായിരുന്നുള്ളൂ. എന്നിട്ടും ബൗമസിന്റെ ശ്രമം പുറത്തേക്ക് പോയി. സഹതാരങ്ങൾ അത് അമ്പരപ്പോടെയാണ് കണ്ടുനിന്നത്. ഇൻജുറി ടൈമിൽ ലിസ്റ്റൺ വീണ്ടും മികച്ച അവസരം തുലച്ചുകളഞ്ഞു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ റോയ് കൃഷ്ണ വലകുലുക്കിയെന്ന് കരുതിയെങ്കിലും അവിശ്വസനീയമാം വിധം പന്ത് തട്ടിയകറ്റി കട്ടിമണി ഹൈദരാബാദിന്റെ രക്ഷകനായി. പ്രബീർ ദാസിന്റെ മനോഹരമായ ക്രോസിന് റോയ് കൃഷ്ണ കൃത്യമായി കാലുവെച്ചെങ്കിലും കട്ടിമണി ഷോട്ട് അത്ഭുതകരമായി രക്ഷപ്പെടുത്തി.

60-ാം മിനിറ്റിൽ പെനാൽട്ടി ബോക്സിന് തൊട്ടുവെളിയിൽ വെച്ച് മോഹൻ ബഗാന് ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കിക്കെടുത്ത ലിസ്റ്റണ് പിഴച്ചു. താരത്തിന്റെ കിക്ക് മോഹൻ ബഗാൻ പ്രതിരോധമതിലിൽ ഇടിച്ച് തെറിച്ചു. 65-ാം മിനിറ്റിൽ പ്രബീർ ദാസിന്റെ ക്രോസിൽ റോയ്കൃഷ്ണ കാലുവെച്ചെങ്കിലും പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.

രണ്ടാം പകുതിയിൽ ആക്രമണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി മോഹൻബഗാൻ പ്രതിരോധതാരം സന്ദേശ് ജിംഗാനെ പിൻവലിച്ച് മുന്നേറ്റതാരം മൻവീറിനെ കൊണ്ടുവന്നു. അത് ഫലം കണ്ടു. മോഹൻ ബഗാന്റെ ആക്രമണങ്ങൾക്ക് വീര്യം കൂടി. അതിന്റെ ഭാഗമായി ടീം 79-ാം മിനിറ്റിൽ ലീഡെടുത്തു. റോയ് കൃഷ്ണയാണ് മോഹൻ ബഗാന് വേണ്ടി വലകുലുക്കിയത്. ലിസ്റ്റൺ കൊളാസോയുടെ മനോഹരമായ ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കൃഷ്ണ ടീമിന് ആശ്വാസം പകർന്നു.

ലീഡെടുത്തശേഷവും എടികെക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് പായിക്കാൻ എടികെക്ക് ആയില്ല. അവസാന അഞ്ചുമിനിറ്റിൽ ആക്രമണം വീണ്ടും ശക്തിപ്പെടുത്താൻ പ്രതിരോധ താരം കാൾ മക്ഹ്യുവിന് പകരം മുന്നേറ്റതാരം ഡേവിഡ് വില്യംസിനെ മോഹൻ ബഗാൻ ഇറക്കി.

ഏഴുമിനിറ്റാണ് അധികസമയമായി ലഭിച്ചത്. ഇൻജുറി ടൈമിൽ കൗകോവിന് മികച്ച അവസരം ലഭിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം അതിനെ സമർത്ഥമായി നേരിട്ടു. ഇൻജുറി ടൈമിൽ പരമാവധി ശ്രമിച്ചിട്ടും മോഹൻ ബഗാന് രണ്ടാം ഗോൾ നേടാനായില്ല. ഇതോടെ ഹൈദരാബാദ് ആദ്യ മത്സരത്തിലെ വിജയത്തോടെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.