ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) ഫുട്‌ബോളിന്റെ രണ്ടാം സീസണ് ചെന്നൈയിൽ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ചെന്നെയിൻ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത തോൽപ്പിച്ചു.

വൈകിട്ട് ആറരയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, ജയാബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യാ റായ്, അലിയ ഭട്ട്, മുകേഷ് അംബാനി തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിച്ച ചടങ്ങിൽ സൂപ്പർസ്റ്റാർ രജനീകാന്ത് ഐ.എസ്.എൽ ചെയർപേഴ്‌സൺ നിതാ അംബാനിക്ക് പന്ത് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

തുറന്ന വിന്റേജ് കാറിൽ കൈയിൽ ഉയർത്തിപ്പിടിച്ച ബോളുമായി സ്‌റ്റേഡിയം വലംവച്ചാണ് രജനീകാന്ത് വേദിയിലെത്തിയത്. വേദിയിൽ നിന്നിരുന്ന സച്ചിനേയും ഐശ്വര്യ റായിയേയും ആലിംഗനം ചെയ്ത രജനീകാന്ത് പന്ത് നിതാ അംബാനിക്ക് കൈമാറിയതോടെ ഐ.എസ്.എൽ രണ്ടാം സീസണ് തുടക്കമായി. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം സഹ ഉടമ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം.

നിറഞ്ഞ കയ്യടികളോടെയും ആരവത്തോടെയുമായിരുന്നു ചെന്നൈ സ്‌റ്റേഡിയം സച്ചിനെ വരവേറ്റത്. ബോളിവുഡ് താരം ആലിയ ഭട്ടിന്റേയും ഐശ്വര്യ റായിയുടേയും നൃത്തച്ചുവടുകൾ ചടങ്ങിന് മാറ്റുകൂട്ടി. ബോളിവുഡ് താരം അർജുൻ കപൂറായിരുന്നു ചടങ്ങിന്റെ അവതാരകൻ. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ എട്ട് ടീമുകൾ ഏറ്റുമുട്ടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമും അങ്കത്തിനുണ്ട്.